ഓപ്പറേഷൻ സിന്ദൂറിന്‍റെ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് പിടികൂടിയ നാവികസേന ക്ലർക്കിന്‍റെ മൊഴി പുറത്ത്. സോഷ്യല്‍ മീഡിയയിലൂ‌‌ടെ പരിചയപ്പെട്ട പാകിസ്ഥാൻ യുവതി പ്രിയങ്ക ശർമ്മയ്‌ക്ക് നിര്‍ണായക വിവരങ്ങൾ കൈമാറിയെന്നാണ് പി‌‌ടിയിലായ ഹരിയാന സ്വദേശി വിശാൽ യാദവിന്റെ മൊഴി.

പ്രിയങ്ക ശർമ്മ ഐ.എസ്.ഐ ഏജന്‍റിന്‍റെ വ്യാജ പേരായിരിക്കുമെന്നാണ് നിഗമനം. ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂ‌ടെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നു. വികാസിന്‍റെ മൊബൈൽ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയില്‍ മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരുന്നുവെന്ന് ഉറപ്പായി.

പഹൽഗാം ആക്രമണത്തിന് ശേഷം ഡേറ്റ ട്രാൻസ്‌ഫർ നടന്നതായും വ്യക്തമാണ്. അതിന് പകരമായി വിശാലിന് പാക്കിസ്ഥാന്‍ പണം നല്‍കിയിട്ടുണ്ട്. ജയ്‌പൂർ നാവികസേന ഭവനിലെ അപ്പർ ഡിവിഷൻ ക്ലർക്കായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

പ്രതിരോധ മന്ത്രാലയത്തിലെ ക്ലാസ് 4 ജീവനക്കാരൻ രവി പ്രകാശ് മീണ 2022ൽ ചാരവൃത്തിക്ക് അറസ്റ്റിലായിരുന്നു. ഇയാളുടെ ക്രിപ്റ്റോ കറൻസി ചാനലിലൂടെ വിശാലിനും പണമെത്തുന്നതായി മനസിലാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഓൺലൈൻ ഗെയിമിംഗിന് അടിമയാണ് വിശാലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിലൂ‌ടെ ഇയാള്‍ക്ക് വലിയ തുക നഷ്ടമായതോ‌ടെ, ആ സാഹചര്യം ഐ.എസ്.ഐ മുതലെടുക്കുകയായിരുന്നു.

ENGLISH SUMMARY:

Vishal’s Chats With Pakistani Woman Spark Doubts: Is Priyanka Sharma an ISI Agent?