പഹല്‍ഗാം ഭീകരാക്രമണം, തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂരിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയങ്ങളിലൊന്ന് റഷ്യന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനമായ S-400ന്‍റെ പ്രകടനമാണ്. S-400ന്‍റെ പ്രകടനം മികച്ചതല്ല, ഏറ്റവും മികച്ചത് എന്ന് തന്നെയാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ഇതോടെയാണ് നിലവിലുള്ള ഓര്‍ഡറുകള്‍ക്ക് പുറമെ കൂടുതല്‍ S-400 യൂണിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നത്. രണ്ട് S-400 അല്ലെങ്കില്‍ കുറച്ചുകൂടി മികച്ച S-500 യൂണിറ്റുകള്‍ക്കൂടി അടിയന്തരമായി വാങ്ങാനാണ് ആലോചന.
S-400 വാങ്ങുന്നതിന് ഇന്ത്യയ്ക്കോ വില്‍ക്കാന്‍ റഷ്യയ്ക്കോ തടസ്സമൊന്നുമില്ല. എന്നാല്‍ S-500 ഇന്ത്യയ്ക്ക് വില്‍ക്കാന്‍ റഷ്യയുടെ ഉന്നതതല അംഗീകാരം ആവശ്യമാണ്. ഇന്ത്യ ആയതുകൊണ്ട് കൂടിയാലോചനകള്‍ക്കുശേഷം S-500 വില്‍ക്കാന്‍ അംഗീകാരം നല്‍കാന്‍ റഷ്യയ്ക്ക് മടിക്കേണ്ട ആവശ്യവുമില്ല. നിലവില്‍ റഷ്യ മാത്രമാണ് S-500 ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് S-400/S-500 ?
പാക്കിസ്ഥാനുമായി ഏറ്റവുമൊടുവിലുണ്ടായ സംഘര്‍ഷത്തോടെ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ S-400 യൂണിറ്റുകളോ സാധിക്കുമെങ്കില്‍ S-500 യൂണിറ്റുകളോ തന്നെ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്ത്യന്‍ നിര്‍മിതമായ വ്യോമപ്രതിരോധ സംവിധാനങ്ങളും മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘദൂര വെല്ലുവിളികളെ നേരിടാന്‍ S-400 യൂണിറ്റുകള്‍ തന്നെയാണ് ഉത്തമം എന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ S-400ന്‍റെ ‘കേമത്തര’ത്തിന് മികച്ച ഉദാഹരണങ്ങളുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങളെ S-400 തകര്‍ത്തു. പാക്കിസ്ഥാന്‍റെ AWACS (എയര്‍ബോണ്‍ വാര്‍ണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) സംവിധാനമുള്ള ഒരുവിമാനവും ഇന്ത്യ തകര്‍ത്തു. 300ലധികം കിലോമീറ്റര്‍ ദൂരെയുള്ള പാക്കിസ്ഥാന്‍റെ ഒരുവിമാനത്തെയും S-400 ഉപയോഗിച്ച് തകര്‍ത്തു.
2018ലെ കരാര്‍ പ്രകാരം അഞ്ച് S-400 യൂണിറ്റുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. മൂന്ന് യൂണിറ്റുകള്‍ ഇന്ത്യയ്ക്ക് റഷ്യ ഇതിനകം കൈമാറി. നാലാം യൂണിറ്റ് കൈമാറുന്നതിന് തൊട്ടുമുന്‍പാണ് റഷ്യ – യുക്രെയിന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മറ്റ് രണ്ട് യൂണിറ്റുകളും ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഇന്ത്യയ്ക്ക് ലഭ്യമാകും. 35,000 കോടി രൂപയുടെ കരാറാണിത്. ലോഞ്ചറുകള്‍, റഡാറുകള്‍, കണ്‍ട്രോള്‍ സെന്‍ററുകള്‍, സപ്പോര്‍ട്ട് വെഹിക്കിളുകളടക്കം 16 വാഹനങ്ങള്‍ അടങ്ങിയതാണ് ഓരോ S-400 സ്ക്രാഡ്രണുകള്‍. നാല് ദൂരപരിധികളിലേക്ക് പ്രയോഗിക്കാവുന്ന മിസൈലുകളാണ് ഓരോ യൂണിറ്റുകളിലുമുള്ളത്.