Inage Credit ; X
ഗതാഗതനിയമലംഘനവും അതുമൂലമുണ്ടാകുന്ന അപകടങ്ങളും നമ്മുടെ നാട്ടില്‍ നിത്യസംഭവങ്ങളാണ് . നിയമലംഘനങ്ങളുടെ പേരില്‍ ചുമത്തപ്പെടാനിടയുള്ള പിഴയില്‍ നിന്ന് ഒഴിവാകാന്‍ വാഹനഉടമകള്‍ പല തന്ത്രങ്ങളും പയറ്റാറുമുണ്ട് . പലപ്പോഴും ഇത്തരം തന്ത്രങ്ങള്‍ അധികൃതരുമായുള്ള തര്‍ക്കത്തിലേക്കും ഒടുവില്‍ കടുത്ത നിയമനടപടികളിലേക്കും ചെന്നെത്തും. ഇത്തരത്തില്‍ ഡല്‍ഹി ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്‍ ബസിന് മുന്നില്‍ അഭ്യസപ്രകടനം നടത്തി വെട്ടിലായിരിക്കുകയാണ് ഒരു യുവാവ്.
ഡല്‍ഹിയിലെ തിരക്കുള്ള റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ അപകടകരമായരീതിയില്‍ അഭ്യാസപ്രകടനം നടത്തിയാണ് യുവാവ് ബൈക്ക് ഓടിച്ചത്. ഈ വിഡിയോ വളരെപെട്ടന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാതെ വാഹനം ഓടിച്ച യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
ഒരു ഘട്ടത്തിൽ, ബൈക്ക് യാത്രികൻ ബസിനോട് ചേര്‍ന്ന് , സൈഡ് വ്യൂ മിററിൽ പിടിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കുന്നതായും കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള സാഹസികയാത്ര ബൈക്ക് യാത്രികന്‍റെ ജീവന് മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരുടെ ജീവനും ഭീഷണി ആയേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
ഡി.ടി.സി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സംഭവത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് സംഭവത്തിലുള്‍പ്പെട്ട ബസ് തിരിച്ചറിഞ്ഞത്. പിന്നീട് മറ്റ് വിഡിയോക്ലിപ്പുകള്‍ പരിശോധിച്ചശേഷം ബൈക്കിനെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബൈക്ക് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റുപോയതായി കണ്ടെത്തിയത്. എന്നാല്‍ ഔദ്യോഗിക രേഖകളിൽ ഉടമസ്ഥാവകാശ കൈമാറ്റം രേഖപ്പെടുത്തിയിട്ടുമില്ലായിരുന്നു.
പിന്നീട് പൊലീസ് ബൈക്ക് രജിസ്റ്റര്‍ ചെയ്ത ഉടമയെ കണ്ടെത്തുകയും അത് വഴി ഇപ്പോഴുള്ള ഉടമയുടെ അടുത്ത് എത്തുകയും ചെയ്തു. എല്ലാ നിയമലംഘനങ്ങള്‍ക്കും ചേര്‍ത്ത് ഡിടിസി ഒരൊറ്റപിഴയാണിട്ടത് . അതാകട്ടെ ബൈക്ക് ഏറ്റെടുത്ത് ഒരു റജിസ്ട്രേഡ് സ്ക്രാപ്പര്‍ക്ക് കൈമാറി. ഒപ്പം ഗതാഗതനിയമലംഘനത്തിന് ബൈക്ക് യാത്രികനെതിരെ നിയമനടപടിയും തുടങ്ങി.