ജമ്മു കശ്മീരിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ആളുകൾ തിരിച്ചെത്തിത്തുടങ്ങി. വയലുകളിൽ പൊട്ടാതെ കിടക്കുന്ന ഷെല്ലുകൾ കണ്ടെത്താൻ സൈന്യം വ്യാപക പരിശോധന നടത്തുകയാണ് .നഗര മേഖലകളിൽ ജനജീവിതം സാധാരണ നിലയിലായി.
കഴിഞ്ഞ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരുന്നു ഇവരുടെ ജീവിതം. വെടി നിർത്തലിനെ തുടർന്ന് വീടുകളിലേക് മടങ്ങിയതാണ്. എങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. മുൻപും പാക്കിസ്ഥാൻ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ഉള്ളവരെയും കൊണ്ട് അടിക്കടി പലായനം നടത്തേണ്ടി വരുന്നതിൻ്റെ വേദന അവർ പങ്കു വക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഷെൽ ആക്രമണത്തെ കുറിച്ച് ഓർക്കുമ്പോൾ ഭീതി വിട്ടൊഴിയുന്നില്ല പലർക്കും. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വീട്ടുടമ കലാൻ സിങ്ങ് പറഞ്ഞു.
അതേസമയം സുരക്ഷ സേന അതിർത്തി ഗ്രാമങ്ങളില വയലുകൾ അരിച്ചു പെറുക്കുന്നുണ്ട്. പൊട്ടാതെ കിടക്കുന്ന ഷെല്ലുകളും മിസൈൽ അവശിഷ്ടങ്ങളും കണ്ടെത്താനാണ് പരിശോധന. കണ്ടെത്തിയതെല്ലാം അപ്പോൾ തന്നെ നിർവീര്യമാക്കി.