പഞ്ചാബിലെ അമൃത് സറില്‍ ആക്രമണത്തിനായി പാക്കിസ്ഥാന്‍  ഉപയോഗിച്ചത് അപകടകരമായ ആക്രമണശേഷിയുള്ള തുര്‍ക്കി നിര്‍മിത കാമികാസെ ഡ്രോണുകള്‍. ജനവാസമേഖലകളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടയച്ച അത്യാധുനിക ആളില്ലാ വിമാനങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞു. എന്താണ് കാമികാസെ ഡ്രോണുകളുടെ  ആക്രമണരീതി. 

രണ്ടാംലോക മഹായുദ്ധകാലത്ത ആകാശത്തെയും ഭൂമിയെയും ഒരുപോലെ തീപിടിപ്പിച്ച ജപ്പാനീസ് വ്യോമസേന സംഘത്തിന്‍റെ വിളിപ്പേരാണ് കാമികാസെ. കൊല്ലുക അല്ലെങ്കില്‍ ചാവുക. അതില്‍ക്കവിഞ്ഞ് മറ്റൊന്നും മനസിലില്ലാത്ത, സ്ഫോടകവസ്തുക്കള്‍ നിറച്ച വിമാനങ്ങളുമായി ശത്രുപാളയത്തിലേക്ക് ഇടിച്ചിറക്കി ചാവേറുകളായ പൈലറ്റുമാരായിരുന്നു കാമികാസെ. സ്വഭാവത്തില്‍ അവരെ ഓര്‍മപ്പെടുത്തുന്നതുകൊണ്ടാണ്  അതീവ പ്രഹരശേഷിയുള്ള ആളില്ലാ ആകാശ വാഹനത്തിന് കാമികാസെ ഡ്രോണ്‍ എന്ന്  തുര്‍ക്കി പേരിട്ടത്.  

ചെറുതാണെങ്കിലും എന്തും ചാമ്പലാക്കാനുള്ള  സ്ഫോടക വസ്തുക്കള്‍ വഹിക്കാനാകും. ഒരു നിശ്ചിത പ്രദേശത്ത് വായുവില്‍ നിഷ്ക്രിയമായി പറന്ന് നടക്കാനും മുന്‍കൂട്ടി നിശ്ചയിച്ചതോ അല്ലെങ്കില്‍ പുതുതായി കണ്ടെത്തിയതോ ആയ ഒരു ലക്ഷ്യം വരുമ്പോള്‍ ആക്രമിക്കാനും ഇവയ്ക്ക് കഴിയും. ചുരുങ്ങിയ സമയം കൊണ്ടുതന്നെ യുദ്ധമുഖത്ത് ഒഴിവാക്കാനാവാത്ത ശക്തിയായി മാറിക്കഴിഞ്ഞു ഈ ഡ്രോണുകള്‍.  കൃത്യമായ ലക്ഷ്യത്തിലേക്ക് അതിേവഗത്തില്‍ പറന്ന് ചെന്ന് സ്ഫോടനം നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന. 

ഉയരത്തില്‍ പറക്കാനും, ദീര്‍ഘനേരം ഒളിഞ്ഞിരിക്കാനും കഴിയുന്നതുകൊണ്ടുതന്നെ, പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ലക്ഷ്യം തകര്‍ക്കാന്‍ കാമികാസോ ഡ്രോണുകള്‍ക്കാവും. ശത്രുക്കള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സമയം നല്‍കാത്ത തന്ത്രം.  ദൂരെ നിന്ന് നിയന്ത്രിക്കാന്‍ കഴിയാമെന്നതും, താരതമ്യേന കുറഞ്ഞ ചെലവില്‍ നിര്‍മിക്കാം എന്നതും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. സ്വിച്ച് ബ്ലേഡ് ഡ്രോണ്‍ എന്നും ഇവ അറിയപ്പെടുന്നു. 

അമൃത് സറിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് മൂളി പറന്നെത്തിയ ഇവയെ കൃത്യമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സേനയ്ക്കായി.  കാരണം ഇന്ത്യയുടെ ആയുധപ്പുരയിലും കാമികാസെ ഡ്രോണ്‍ ഉണ്ട്.. തുര്‍ക്കിഷ് നിര്‍മിത സോംഗാര്‍ ഡ്രോണുകളും ഇന്ത്യന്‍ മണ്ണിലേക്ക് പാക്കിസ്ഥാന്‍  ഇന്നലെ തൊടുത്തു.   ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ ഘടിപ്പിക്കാനു , മൂന്ന് കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ 2800 മീറ്റര്‍ ഉയരത്തില്‍ പറക്കാനും സോംഗാര്‌‍ ഡ്രോണുകള്‍ക്ക് കഴിയും.  രണ്ട് ശ്രേണികളിലുമായി അഞ്ഞൂറിനുടത്ത് ഡ്രോണുകളാണ് കഴിഞ്ഞ രാത്രിയില്‍ ഇന്ത്യ ലക്ഷ്യമാക്കിയെത്തിയത്.  

ENGLISH SUMMARY:

Turkish Kamikaze drone recovered from J&K's Naushera