AI Generated

ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്ന പ്രകൃതിദത്തമായ  ധാതുവാണ് മൈക്ക. സൗന്ദര്യവര്‍ധകവസ്തുക്കളായ ഹൈലൈറ്റുകള്‍, ഐഷാഡോകള്‍, ലിപ് ഗ്ലോസുകള്‍എന്നിവയുടെയെല്ലാം സാധാരണ ചേരുവയാണ് മൈക്ക. ഇവ സംസ്കരിച്ച് സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളില്‍ചേര്‍ക്കുന്നതിനു മുന്‍പ് അത് ഖനനം ചെയ്യേണ്ടതുണ്ട്. ഈ ഖനനം എങ്ങനെ നടക്കുന്നു? ഈ ഖനനത്തിനു പിന്നിലൊരു വേദനയുടെ കഥയുണ്ട്. കുറയെ ബാല്യങ്ങളുടെ കഷ്ടപ്പാടിന്റെയും ചൂഷണത്തിന്റെയും ഭീകരമായ മനുഷ്യാവകാശലംഘനങ്ങളുടെയും വ്യാപ്തി വ്യക്തമാക്കുന്നതാണ് ആ കാഴ്ചകള്‍....

AI Generated

ജാര്‍ഖണ്ഡിലെയും ബീഹാറിലെയും മൈക്ക ഖനികളിലെത്തിയാല്‍ നടുക്കുന്ന കാഴ്ച  കാണാം. പട്ടിണിയില്‍നിന്ന് രക്ഷനേടാന്‍ ഏതാണ്ട്  നാലുവയസിനു താഴെയുള്ള ഇരുപത്തിരണ്ടായിരത്തിലധികം കുട്ടികളാണ് മൈക്ക ഖനനത്തില്‍ മുഴുകിയിരിക്കുന്നത്. മൈക്ക വേര്‍തിരിച്ചെടുക്കാന്‍ ഇടുങ്ങിയ തുരങ്കങ്ങളിലും ഗുഹകളിലും പോകേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്നവരേക്കാള്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് അവയില്‍ ഇറങ്ങാന്‍ കഴിയും. മൈക്ക ഖനികളില്‍ ജോലി ചെയ്യുന്ന മിക്ക കുട്ടികളും ഒരു ദിവസം അന്‍പത് രൂപ സമ്പാദിക്കുന്നു. മറുവശത്ത് മൊത്തക്കച്ചവടക്കാര്‍ക്ക് നല്ല നിലവാരമുള്ള മൈക്കയ്ക്ക് ആയിരം യു.എസ്. ഡോളറിലധികം സമ്പാദിക്കാന്‍ കഴിയും. ചൂഷണത്തിന്റെയും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും വ്യാപ്തിയാണ് ഇവിടെ വ്യക്തമാകുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മൈക്ക ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജാര്‍ഖണ്ഡും ബീഹാറുമാണ് രാജ്യത്ത് പ്രധാനമായും മൈക്ക ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. കെട്ടിടങ്ങള്‍, ഇലക്ട്രോണിക്സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലും, സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിനും പെയിന്റ് നിര്‍മാണത്തിനും മൈക്ക ഉപയോഗിക്കുന്നു. 

AI Generated

ഔദ്യോഗികമായി ജാര്‍ഖണ്ഡില്‍ മൈക്ക ഖനനം ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ പ്രാദേശിക ഗോത്രവര്‍ഗക്കാര്‍, മൈക്ക സ്ക്രാപ്പ് ശേഖരിക്കാന്‍ അനധികൃത ഘനികളില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിന്റെ ലാഭം കൊയ്യുന്നത് ഇടനിലക്കാരും വമ്പന്‍ വ്യവസായികളുമാണ്.  ദിവസം മുഴുവന്‍ മണ്ണിനടിയില്‍ കഴിയുന്ന ജീവിതങ്ങള്‍. സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പഠനത്തിനനുസരിച്ച് ഷിഫ്റ്റ് ക്രമീകരിച്ചാണ് ജോലി ചെയ്യുന്നത്. ഇതില്‍ സ്കൂളില്‍ പോകാതെ മുഴുവന്‍ സമയവും പണിയെടുക്കുന്ന വിദ്യാര്‍ഥികളുമുണ്ട്. ഒരുനേരത്തെ അന്നത്തിനുവേണ്ടിയും കുടുംബത്തെ പോറ്റാന്‍ വേണ്ടിയും ഈ പിഞ്ചോമനകള്‍ പണിയെടുക്കുകയാണ്.

AI Generated

ചിലസമയങ്ങളില്‍ വലിയ ഗര്‍ത്തങ്ങളില്‍ അവര്‍ ജീവനോടെ കുഴിച്ചുമൂടപ്പെടുന്നുണ്ട്. അതൊരു കുടുംബത്തിന്റെമാത്രം വേദനയായി അവസാനിക്കുകയാണ്.  ചിലര്‍ക്ക് ശ്വാസസംബന്ധമായ രോഗങ്ങളും ക്ഷയരോഗങ്ങളും പതിവാണ്. കുട്ടികളെ ഈ ജോലിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി പലവഴികളും അധികൃതര്‍ തേടി. കുട്ടികളില്‍നിന്ന് മൈക്ക സ്ക്രാപ്പുകള്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പക്ഷേ ഈ തീരുമാനംകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. 

AI Generated

ഇനി ഇന്ത്യയിലെ മാത്രം സാഹചര്യമാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. മഡഗാസ്കറില്‍ ഖനിത്തൊഴിലാളികളില്‍ പകുതിയിലധികവും അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സിലെ ടെറെ ഡെസ് ഹോംസ് നടത്തിയ ഒരുവര്‍ഷം നീണ്ട അന്വേഷണത്തില്‍ 5 മുതല്‍ 17 വയസ് പ്രായമുള്ള11,000ല്‍ അധികം കുട്ടികളെങ്കിലും ഈ ഖനനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എല്ലാ ഖനിത്തൊഴിലാളികളിലും പകുതിയിലധികം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. 

ആഗോളതലത്തില്‍ വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. മഡഗാസ്കറില്‍ ഖനനം ചെയ്യുന്ന മൈക്കയുടെ ഏകദേശം 90 ശതമാനം ചൈനയിലേക്കാണ് നേരിട്ട് കയറ്റുമതി ചെയ്യുന്നത്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു കമ്പനിയും അവരുടെ ഉല്‍പ്പന്നം എവിടെനിന്ന് വരുന്നുവെന്നോ ജോലി സാഹചര്യങ്ങള്‍ എങ്ങനെയുള്ളതാണെന്നോ ശ്രദ്ധിക്കാറില്ല. 2008മുതല്‍ കയറ്റുമതി 30 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കിലോയ്ക്ക് 34 പെന്നി മാത്രമാണ് വേതനം ലഭിക്കുന്നത്. 

ഇത് ഇന്ത്യയില്‍ നല്‍കുന്നതിന്റെ പകുതിയില്‍ താഴെമാത്രമാണ്. കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് രാജ്യാന്തരതലത്തില്‍ നിന്നുള്ള ഒരു ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. നമ്മുടെ കുട്ടികള്‍ പഠിച്ചുവളരാനും സ്വന്തം വഴി കണ്ടെത്താനും പ്രാപ്തിയുള്ളവരായി മാറണം. മികച്ച ജീവിതസാഹചര്യങ്ങളാണ് അവര്‍ക്ക് ഒരുക്കേണ്ടത്.

ENGLISH SUMMARY:

Child Labour in Mica Mines: the Beauty Industry’s dark secret