വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുന്ന സയ്യിദ് ആദിൽ ഹുസൈൻ ഷാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്, അക്രമികളിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിക്കാൻ ശ്രമിക്കവേ. ഭീകരർ എത്തിയപ്പോഴും ധൈര്യം കൈവിടാതെ, അവരെ പ്രതിരോധിക്കാൻ ശ്രമിക്കവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാക്ക് വെടിയേറ്റത്.
മകൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിച്ചരിച്ചിരിക്കുകയാണ് അവന്റെ പിതാവ് സയ്യിദ് ഹൈദർ. സയ്യിദ് ആദിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജോലിക്കായി പഹൽഗാമിലേക്ക് പോയതെന്നും, ഇത് സഹിക്കാനാവുന്നില്ലെന്നും നിറകണ്ണുകളോടെ പറയുന്നു ആ പിതാവ്.
'സംഭവം അറിഞ്ഞയുടൻ ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. വൈകിട്ട് 4.40 ആകുമ്പോഴേക്കും ഫോൺ ഓണായി. അപ്പോൾ ചെറിയൊരു പ്രതീക്ഷ വന്നിരുന്നു. പക്ഷേ ഫോൺ റിങ് ചെയ്തിട്ടും ആരും എടുത്തില്ല. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് മകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്'. ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടരുതെന്നും പിതാവ് വിതുമ്പുന്നു.
പഹൽഗാമിലെ കാർ പാർക്കിംഗിൽ നിന്ന് ബൈസരൻ പുൽമേടിലേക്ക് കാൽനടയായി മാത്രമേ പോവാനാകൂ. അവിടെയെത്തുന്ന ടൂറിസ്റ്റുകളെ തന്റെ കുതിരപ്പുറത്ത് എത്തിക്കുന്ന ജോലിയായിരുന്നു സയ്യിദ് ആദിൽ ഹുസൈന്റേത്. ഭീകരർ ചാടിവീണപ്പോഴും, ഭയന്ന് പിന്മാറാതെ, അവരിൽ പ്രധാനിയുമായി പോരാടുന്നതിനിടെയാണ് ആദിൽ വെടിയേറ്റ് വീണത്. മാതാപിതാക്കളും, ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആദിൽ.