old-railway-station-dhanushkodi

TOPICS COVERED

1964 ഡിസംബർ 23, ആ രാത്രി ധനുഷ്കോടി പാസഞ്ചർ പാമ്പന്‍ പാലം കടന്ന് രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പോകുകയായിരുന്നു. ആ രാത്രി വീശിയടിച്ച കൊടുങ്കാറ്റ് തുടച്ചു നീക്കിയത് ആ പാസഞ്ചര്‍ ട്രെയിനിനെ ഒന്നാകെയായിരുന്നു! അതിലെ ജീവനുകളെയായിരുന്നു. 1967 ലെ റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ടില്‍ പറയുന്നത് മരണസംഖ്യ കൃത്യമായി അറിയില്ലെങ്കിലും 110 ഓളം യാത്രക്കാരും 18 റെയിൽവേ ജീവനക്കാരും ഉണ്ടായിരുന്നുവെന്നും ഇവര്‍ക്കെല്ലാം ജീവന്‍ നഷ്ടമായെന്നുമാണ്, ചില കണക്കുകൾ പ്രകാരം ഈ സംഖ്യ 250 വരെയാകാം.

ബ്രിട്ടീഷ് ഭരണകാലത്ത് 1911 ല്‍ നിര്‍മാണം ആരംഭിച്ച പാമ്പന്‍ പാലം 1914 ലാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. വ്യാപാരത്തിനായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമാണിത്. 1964 ലെ ചുഴലിക്കാറ്റ് ധനുഷ്കോടിയെ ഇല്ലാതാക്കി. പഴയ പാമ്പൻ പാലം ചുഴലിക്കാറ്റിനെ ചെറുത്തുനിന്നെങ്കിലും, ഷെർസർ സ്പാൻ ഒഴികെ, 146 സ്പാനുകളിൽ 126 സ്പാനുകളും ഒലിച്ചുപോയിരുന്നു. രണ്ട് തൂണുകളും ഒലിച്ചുപോവുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

അന്നത്തെ പാമ്പന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ഇ.ശ്രീധരനാണ്. പാലം പുനർനിർമ്മിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗർഡറുകൾ കൊണ്ടുവരാനായിരുന്നു പദ്ധതി. ഒരു ദിവസം ഒരു മത്സ്യത്തൊഴിലാളി രണ്ട് കിലോമീറ്റർ അകലെ ഒരു ഗർഡർ കിടക്കുന്നതായി അദ്ദേഹത്തെ അറിയിച്ചു. അതൊരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് കടലിന്റെ അടിത്തട്ടിൽ നിന്ന് ഗർഡറുകള്‍ വീണ്ടെടുക്കാൻ ശ്രമം. 126 ഗർഡറുകളും വീണ്ടെടുക്കുകയും വെറും 46 ദിവസത്തിനുള്ളിൽ പാലം പുനഃസ്ഥാപിക്കുകയും ചെയ്തു.

2019 ലാണ് പുതിയ പാലത്തിന് തറക്കല്ലിടുന്നത്. പുതിയ പാലം പഴയ പാമ്പൻ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ്. സ്പാൻ ഉയർത്താതെ തന്നെ ചെറിയ കപ്പലുകൾക്ക് അടിയിലൂടെ കടന്നുപോകാം. ആവശ്യമുള്ളപ്പോൾ വലിയ കപ്പലുകളെ കടത്തിവിടാന്‍ മധ്യഭാഗം 17 മീറ്റര്‍ വരെ ഉയര്‍ത്താം. മാത്രമല്ല ചരക്ക് ട്രെയിനുകൾക്കും നൂതന സെമി-ഹൈ സ്പീഡ് ട്രെയിനുകൾക്കും ഇന്ന് പാമ്പനിലൂടെ കുതിക്കാം.

ENGLISH SUMMARY:

The Tragic Storm: The Dhanushkodi Train Disaster and the Pamban Bridge's Resilience