Picture Credit: Galatta Pink
ഭര്‍ത്താവിനെ ജീവനായി കരുതുന്ന ഭാര്യ. സ്വന്തം അനിയത്തിമാര്‍ക്കായി ജീവിതം പോലും മാറ്റിവച്ച മൂത്ത ചേച്ചി. നിസ്വാര്‍ഥമായ, കളങ്കമില്ലാത്ത സ്നേഹമാണ് കനകവല്ലിയുടെ മനസ്സ് നിറയെ. പക്ഷേ സ്വന്തമെന്ന് കരുതിയവര്‍ തന്നെ ചതിച്ചിട്ടും അവര്‍ക്കു വേണ്ടി ജീവിക്കുന്ന ഈ സ്ത്രീ അത്ഭുതമാവുകയാണ്. സമൂഹമാധ്യമത്തില്‍ കനകവല്ലിയെ കുറിച്ചുള്ള പോസ്റ്റുകളും അവരുമായി പല യൂട്യൂബ് ചാനലുകളും നടത്തിയ അഭിമുഖങ്ങളുമാണ് നിറഞ്ഞുനില്‍ക്കുന്നത്.
കനകവല്ലിയുടേത് പ്രണയവിവാഹമായിരുന്നു. ചായക്കാരനായിരുന്ന ഒരാളോട് പ്രണയം തോന്നി, അത് ആദ്യം തുറന്നു പറഞ്ഞതും താന്‍ തന്നെയാണെന്ന് കനകവല്ലി പറയുന്നു. ഒളിച്ചോടി വിവാഹം കഴിച്ചു. ശേഷം ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചത്. മാതാപിതാക്കളുടെ മരണത്തോടെ കനകവല്ലി തന്‍റെ മൂന്ന് അനിയത്തിമാരുടെ സംരക്ഷണം ഏറ്റെടുത്തു. പക്ഷേ കോവിഡ് കാലം കനകവല്ലിക്ക് സമ്മാനിച്ചത് വലിയ ഒരു ചതിയാണ്.
നാട്ടില്‍ ജോലിയില്ലാതെ പട്ടിണിയായപ്പോള്‍ കനകവല്ലി ചെന്നൈയില്‍ ജോലിക്കായി എത്തി. അതിനിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കനവല്ലി ചെന്നൈയിലും അനിയത്തിമാരും ഭര്‍ത്താവും ആമ്പൂരിലും പെട്ടു. നാട്ടിലേക്ക് അരിയും പയറും എണ്ണയും തുടങ്ങി എല്ലാം അയച്ചുകൊടുത്തിരുന്നു എന്നാണ് കനകവല്ലി പറയുന്നത്. കാരണം അവരാരും പട്ടിണിയാകരുതല്ലോ. ബസ് ഓടിത്തുടങ്ങിയപ്പോള്‍ നാട്ടിലെത്തി. വന്നപ്പോള്‍ കാണുന്നത് മൂന്നാമത്തെ അനിയത്തിയുടെ വയറ് വീര്‍ത്തിരിക്കുന്നത്. ചോദിച്ചപ്പോള്‍ വയറുവേദനയാണ് എന്നു പറഞ്ഞു. അത് കനകവല്ലി വിശ്വസിച്ചു. അഞ്ചുമാസം ഗര്‍ഭിണിയെപ്പോലെ തോന്നിക്കുന്ന വയറ് കണ്ടപ്പോള്‍ മറ്റൊരു അനിയത്തിയെ കൂട്ടി ആയിരം രൂപയും കയ്യില്‍ കൊടുത്ത് ഇവരെ ആശുപത്രിയിലേക്ക് വിട്ടു.
ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ അനിയത്തി പറഞ്ഞത് വയറ്റിലൊരു മുഴയുണ്ട്, അത് അത്ര പ്രശ്നമുള്ളതല്ല എന്നാണ്. പിന്നീട് പ്രസവത്തിന് രണ്ടുദിവസം മുന്‍പാണ് ഗര്‍ഭിണിയാണെന്നും കുഞ്ഞിന്‍റെ അച്ഛന്‍ കനകവല്ലിയുടെ ഭര്‍ത്താവ് ആണെന്നും പറയുന്നത്. എന്ത് പറയാനാണ്, എല്ലാം നിശ്ചലമായ ആ അവസ്ഥയിലും കനകവല്ലി തന്നെ തന്നെയാണ് പഴിച്ചത്. അവര്‍ നന്നായിരിക്കട്ടെ എന്നാണ് കനകവല്ലി അന്നുമുതല്‍ ഇന്നുവരെ പറയുന്നത്.
വിഷയത്തില്‍ നാട്ടുകൂട്ടം കൂടി. അവിടെ വച്ച് ഭര്‍ത്താവിന്‍റെ കോളറില്‍ പിടിച്ച കനകവല്ലിയുടെ കൈ തട്ടിമാറ്റി തനിക്ക് മാമനെ വേണം എന്ന് അനിയത്തി പറഞ്ഞു. അപ്പോള്‍ തന്നെ വിട്ടുകൊടുത്തു. ആ നാട്ടുകൂട്ടത്തില്‍ വച്ചുതന്നെ അവരുടെ വിവാഹം നടത്തി. അന്ന് അനിയത്തിയുടെ പ്രായം 15 വയസ്സാണ്. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിനിടെ അനിയത്തിമാരുടെ ജീവിതം കെട്ടിപ്പടുക്കാന്‍ സ്വന്തമായി ഒരു കുഞ്ഞുപോലും വേണ്ടെന്നുവച്ചയാളാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അഞ്ചാം മാസത്തില്‍ 100 രൂപയുടെ ഒരു ഗുളിക വാങ്ങി കഴിച്ച് ആ ഗര്‍ഭം പോലും അനിയത്തിമാരെ നോക്കാനായി അലസിപ്പിച്ചു. ആ ശാപമായിരിക്കും ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് കനകവല്ലി പറയുന്നത്.
‘എന്‍റെ എച്ചിലില്‍ അവള്‍ കൈവച്ചു, അതേ എച്ചിലില്‍ എനിക്ക് തിരിച്ച് കൈവയ്ക്കാനാകുമോ?. തെറ്റ് എന്‍റെ ഭാഗത്താണ്. ചെറിയ കുട്ടിയല്ലേ എന്നോര്‍ത്ത് അവളെ എന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത് തന്നെ കിടത്തി പഠിപ്പിച്ചു. പക്ഷേ അവളിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. എന്‍റെ മാമന്‍റെ കൂടെ ഞാനാണ് കിടന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ് എന്നാണ് അനിയത്തി നാട്ടുകൂട്ടത്തില്‍ പറഞ്ഞത്. ഞാന്‍ എന്ത് പറയാനാണ്?’ കനകവല്ലി ചോദിക്കുന്നു.
‘എന്‍റെ ഭര്‍ത്താവും അവരുടെ മക്കളും നന്നായിരിക്കട്ടെ. ആ കുഞ്ഞുങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലല്ലോ. അവരെ നന്നായി വളര്‍ത്തണം. പ്രൈവറ്റ് സ്കൂളില്‍ വിട്ട് പഠിപ്പിക്കണം എന്നാണ് ആഗ്രഹം. മറ്റൊന്നുമല്ലെങ്കിലും എന്‍റെ ഭര്‍ത്താവിന്‍റെ മക്കളല്ലേ. പിന്നെ ആകെ പറയാനുള്ള കാര്യം അനിയത്തിമാരെ വളര്‍ത്തരുത് എന്നുമാത്രമാണ്. അനിയത്തിമാരെ വളര്‍ത്തിയാല്‍ അപത്താണ്. നല്ലവരുണ്ട്, പക്ഷേ പിന്നില്‍ നിന്ന് കുത്തുന്നവരുമുണ്ട് എന്നോര്‍ക്കണം.
കനകവല്ലിയുടെ ശരീരം മുഴുവന്‍ പച്ചകുത്തിയിരിക്കുകയാണ്. നെഞ്ചില്‍ ഭര്‍ത്താവിന്‍റെ പേര്. കയ്യില്‍ അച്ഛനും അമ്മയും അനിയത്തിമാരും അവരുടെ മക്കളും തുടങ്ങി എല്ലാവരുടെയും പേരുണ്ട്. കനകവല്ലി പഠിച്ചിട്ടില്ല. അച്ഛനും അമ്മയും പഠിക്കാന്‍ വിട്ടില്ല. പത്തു വയസ്സു മുതല്‍ പണിക്കിറങ്ങിയതാണ്. ശുചിമുറി വൃത്തിയാക്കുന്നതു മുതല്‍ മേസ്തിരി പണി വരെ എല്ലാം ചെയ്തു. 18–ാം വയസ്സിലായിരുന്നു ഒളിച്ചോട്ടവും വിവാഹവുമെല്ലാം. ഇപ്പോഴും ഭര്‍ത്താവിന് തന്നോട് സ്നേഹമാണെന്നാണ് കനകവല്ലി പറയുന്നത്.
ഈ സംഭവങ്ങള്‍ക്കു ശേഷം മദ്യപാനം തുടങ്ങി. ഞാന്‍ എവിടെയെങ്കിലും കുടിച്ചിട്ട് കിടന്നാല്‍ ഭര്‍ത്താവാണ് തന്നെ തൂക്കിയെടുത്ത് വീട്ടില്‍ കൊണ്ടുപോകുന്നത്. അദ്ദേഹം എന്നെ വിട്ടുമാറില്ല എന്ന് കനകവല്ലി പറയുന്നു. വിഷമം കൊണ്ടാണ് കുടിക്കുന്നത്. അനിയത്തിക്ക് ഇപ്പോള്‍ മൂന്നു മക്കളായല്ലേ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോഴുണ്ടാകുന്ന വിഷമം മറക്കാന്‍ കുടിക്കും. പക്ഷേ തന്‍റെ ഭര്‍ത്താവ് കുടിക്കാറില്ല എന്നും അവര്‍ പറയുന്നു. തന്‍റെ ജീവിതത്തെ കുറിച്ച് അറിഞ്ഞ് വിവാഹ അഭ്യര്‍ഥനയുമായി എത്തുന്നവരുണ്ട്. അങ്ങനെയുള്ളവരെ വിറക് കീറിമുറിക്കുന്നതുപോലെ കീറിക്കളയും എന്നാണ് കനകവല്ലി പറയുന്നത്.