വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും ഒന്‍പതടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കര്‍ണാടകയിലെ അഗുംബെയിലാണ് സംഭവം. കിടപ്പുമുറിയിലെ ലോഫ്റ്റിലാണ് പാമ്പ് ഒളിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ധരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ ലോഫ്റ്റില്‍ നിന്നും ബാഗിലാക്കി കൊണ്ടുപോയത്. ഇതിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാട്ടില്‍ തുറന്നുവിട്ടു. പാമ്പിനെ വീടിനുള്ളിലും മറ്റും കണ്ടെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണം നടത്തി. ഇക്കഴിഞ്ഞ ജൂലൈയിലും അഗുംബെയിലെ മറ്റൊരിടത്ത് നിന്ന് 12 അടി നീളമുള്ള രാജവെമ്പാലയെ റെസ്ക്യൂ ടീമംഗങ്ങള്‍ പിടികൂടിയിരുന്നു.
അജയ് വി ഗിരിയെന്ന റെസ്ക്യൂ ടീമംഗമാണ് പാമ്പിനെ പിടികൂടിയ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ലോഫ്റ്റില്‍ ഒരു ലോഹപ്പെട്ടിക്കുള്ളിലായിരുന്നു പാമ്പിന്‍റെ കിടപ്പ്. ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് എത്തുന്നതും പാമ്പിനെ പിടികൂടുന്നതും ബോധവല്‍ക്കരണത്തിനായി ലഘുലേഖകള്‍ നല്‍കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.