qamar-sheikh

പ്രധാനമന്ത്രി മോദിക്കായി കരുതിവെച്ച രാഖിയുമായി ഇക്കൊല്ലവും ക്വാമര്‍ ഷെയ്ഖ് എത്തും, മോദിയുടെ പാക് സഹോദരി. മുപ്പത് വര്‍ഷമായി മുടങ്ങാതെ രാഖിയുമായെത്തുന്ന ക്വാമര്‍ ഇത്തവണ മോദിക്കൊരു സ്പെഷ്യല്‍ സര്‍പ്രൈസുമായാണ് എത്തുക എന്നാണ് വിവരം. വരുന്ന തിങ്കളാഴ്ചയാണ് രക്ഷാബന്ധന്‍. അന്ന് ക്വാമര്‍ ഡല്‍ഹിയിലെത്തും.

കറാച്ചിയിലെ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ് ക്വാമര്‍ ഷെയ്ഖ്. 1981ല്‍ മൊഹ്സിന്‍ ഷെയ്ഖ് എന്നയാളെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ത്യയില്‍ താമസം തുടങ്ങി. 1990 മുതല്‍, ഏകദേശം 35 വര്‍ഷക്കാലമായി മൊഹ്സിനും മോദിയും തമ്മില്‍ വളരെ നല്ലൊരു സുഹൃത്ബന്ധമാണുള്ളത്. ഇതാണ് തന്‍റെ സഹോദരനായി മോദിയെ ക്വാമര്‍ കാണാനും കാരണം.

1990ല്‍ അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന ഡോ. സ്വരൂപ് സിങ് വഴിയാണ് മോദിയുമായി അടുപ്പമുണ്ടായത്. ഗവര്‍ണറെ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടിരുന്നു. കൂട്ടത്തില്‍ നരേന്ദ്രമോദിയുമുണ്ടായിരുന്നു. അന്ന് തന്നെ പരിചയപ്പെടുത്തുമ്പോള്‍ മോദിയോട് ഗവര്‍ണര്‍ പറഞ്ഞത് താന്‍ അദ്ദേഹത്തിന്‍റെ മകളെപ്പോലെയാണെന്നാണ്. ഇതുകേട്ടപാടെ ക്വമാര്‍ എന്‍റെ സഹോദരിയാണ് എന്ന് മോദി പറഞ്ഞു. അന്നു തുടങ്ങിയ ബന്ധമാണ്. അത് ഇന്നും നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

ആദ്യം കണ്ട സമയത്ത് അദ്ദേഹം സംഘ് പ്രവര്‍ത്തകനായിരുന്നു. താങ്കള്‍ ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയാകും, അതിനായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു മോദി ചെയ്തത്. പിന്നീടൊരു സാഹചര്യത്തില്‍, അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷം സഹോദരനു വേണ്ടിയുള്ള എന്‍റെ പ്രാര്‍ഥന ഫലം കണ്ടു എന്ന് നേരിട്ട് പറഞ്ഞു. മോദി പ്രധാനമന്ത്രിയാകണം എന്നതായിരുന്നു പിന്നീടുള്ള പ്രാര്‍ഥന. അതും ദൈവം കൈക്കൊണ്ടു. മൂന്നാം വട്ടവും അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷം എന്നാണ് ക്വാമര്‍ പറയുന്നത്.

തന്‍റെ സ്വന്തം സഹോദരനായാണ് നരേന്ദ്രമോദിയെ താന്‍ കാണുന്നതെമന്ന് ക്വാമര്‍ ഹൃദയംതൊട്ടാണ് പറയുന്നത്. ആ ബന്ധം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്, വിലപ്പെട്ടതാണെന്ന് അറിയിക്കാനാണ് ഓരോ രക്ഷാബന്ധന്‍ ദിനത്തിലും ക്വാമര്‍ മോദിക്കരികിലെത്തുന്നത്. സ്വയം നിര്‍മിച്ച രാഖിയാണ് ക്വാമര്‍ മോദിയുടെ കയ്യില്‍ കെട്ടുന്നത്.

പത്തോളം രാഖികള്‍ ഇതിനോടകം ക്വാമര്‍ തയ്യാറാക്കിവച്ചിട്ടുണ്ട്. രാഖി വില്‍ക്കാറില്ല, പണം കൊടുത്ത് വാങ്ങാറുമില്ല. കുറെയെണ്ണം തയ്യാറാക്കി അതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് മോദിക്ക് സമ്മാനിക്കുക എന്നാണ് ക്വാമര്‍ പറയുന്നത്. മുപ്പതാം വര്‍ഷമാണ് ഇത്. അതുകൊണ്ടു തന്നെ എന്തെങ്കിലും സ്പെഷ്യലായി ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ക്വാമര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്. ആഗസ്റ്റ് 19ന് ഡല്‍ഹിയിലെത്താനുള്ള വിമാന ടിക്കറ്റടക്കം എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്. രക്ഷാബന്ധന് തലേദിവസം തന്നെ ഡല്‍ഹിയിലെത്തും എന്ന് വലിയ ആഹ്ളാദത്തിലാണ് ക്വാമര്‍ പറയുന്നത്. 

കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും കാരണമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആ സങ്കടം മാറി. ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെത്തി മോദിക്ക് രാഖി കെട്ടിക്കൊടുത്തു. ഈ വര്‍ഷവും അത് നടക്കും.  ഒരു സഹോദരി എന്ന നിലയില്‍ മോദിയുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ജനസേവനം തുടരട്ടേ എന്നും ക്വാമര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY: