ട്രെയിനിലെ എയര്‍ ലീക്കേജ് തടയാന്‍ ജീവന്‍ പണയംവച്ച് ശ്രമിക്കുന്ന റെയില്‍വേ ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഒരു പാലത്തില്‍ നിന്നുപോയ ട്രെയിനിനടിയിലാണ് സാഹസിക പ്രവൃത്തി. ഒരാള്‍ പാലത്തില്‍ തൂങ്ങിയിറങ്ങി സാവധാനം നീങ്ങുന്നതും മറ്റൊരാള്‍ ട്രെയിനിന്‍റെ അടിയില്‍ ട്രാക്കിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങുന്നതും കാണാം.
റെയില്‍വേ ട്രാഫിക് സര്‍വീസ് ഓഫീസറായ ജെ.സഞ്ജയ് കുമാറാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. ജീവന്‍ പണയം വച്ചും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ട്രെയിനിലെ ലോക്കോ പൈലറ്റും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാണ് വിഡിയോയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ വിഡിയോ വൈറലായതിനു പിന്നാലെ റെയില്‍വേക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഇങ്ങനെ ചെയ്യേണ്ട കാര്യം എന്താണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
‘റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ പക്വമായി പ്രതികരിക്കണം. സുരക്ഷയെക്കുറിച്ച് ആദ്യം ചിന്തിക്കണം. ഇത്രയേറെ പുരോഗതിയുണ്ടായിട്ടും ഒരു സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മനുഷ്യര്‍ക്ക് ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നത് നാണക്കേടാണ്’ എന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.