സുരേന്ദ്ര ശര്‍മ കുടുംബത്തിനൊപ്പം.
മരണാനന്തരച്ചടങ്ങുകള്‍ക്കിടയില്‍ തിരിച്ചെത്തി അപകടത്തില്‍ ‘മരിച്ചയാള്‍’. മധ്യപ്രദേശുകാരനായ യുവാവിന്‍റെ തിരിച്ചുവരവ് കുടുംബത്തെയും നാടിനെയും അമ്പരപ്പിലാഴ്ത്തി. രാജ്സഥാനിലെ ഒരു അപകടത്തില്‍ സുരേന്ദ്ര ശര്‍മ എന്ന യുവാവ് മരണപ്പെട്ടുവെന്നായിരുന്നു ലഭിച്ച വിവരം. ഇതോടെ ബന്ധുക്കള്‍ രാജസ്ഥാനിലെത്തി മൃതദേഹം കൈപ്പറ്റി.
മെയ് 28ന് മൃതദേഹം സംസ്കരിച്ചു. പിന്നീട് നടന്ന മരണാനന്തരച്ചടങ്ങുകള്‍ക്കിടയിലാണ് സുരേന്ദ്ര ശര്‍മയുടെ ഫോണ്‍ കോള്‍ എത്തുന്നത്. ആരോ പറ്റിക്കാനായി ചെയ്യുന്നതാണെന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം കരുതിയത്. ഇതോടെ വിളിച്ചയാളോട് വിഡിയോ കോളില്‍ വരാന്‍ സഹോദരന്‍ ആവശ്യപ്പെട്ടു. ഇതോടെ വിളിച്ചത് സുരേന്ദ്ര ശര്‍മ തന്നെയാണ് ബോധ്യമായി. ഉടന്‍ തന്നെ യുവാവിനോട് വീട്ടിലെത്താന്‍ കുടുംബം ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍ നടന്ന ഒരു അപകടത്തിനു പിന്നാലെ ഒരു യുവാവിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സുരേന്ദ്ര ശര്‍മയെ പോലെ തന്നെയായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്ന ആളെയും കാണാന്‍. അപകടത്തില്‍പ്പെട്ട യുവാവിന്‍റെ കുടുംബാംഗങ്ങളെ തിരക്കിയുള്ളതായിരുന്നു ഫോട്ടോയ്ക്കൊപ്പമുണ്ടായിരുന്ന പോസ്റ്റ്.
ഫോട്ടോ കണ്ടതോടെ സുരേന്ദ്ര ശര്‍മയുടെ ബന്ധുക്കള്‍ ജയ്പൂരിലെ ആശുപത്രിയിലെത്തി. ഇവിടെയെത്തിയപ്പോഴാണ് യുവാവ് മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മൃതദേഹം കൈപ്പറ്റി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി. സംസ്കാരത്തിനു ശേഷം പതിമൂന്നാം ദിനം മരണാനന്തരച്ചടങ്ങ് നടത്താനിരിക്കുന്നതിന്‍റെ തലേന്നാണ് സുരേന്ദ്ര ശര്‍മയുടെ ഫോണ്‍ കോള്‍ എത്തുന്നത്.
അപകടം അന്വേഷിച്ച പൊലീസിന്‍റെ പക്കല്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്ന് ഭക്ഷണത്തിന്‍റെ ഒരു ബില്‍ ലഭിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മരണപ്പെട്ടത് സുരേന്ദ്ര ശര്‍മയാണെന്ന നിഗമനത്തിലേക്കെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ജയ്പ്പൂരിലെ ഒരു തുണി ഫാക്ടറിയിലാണ് സുരേന്ദ്ര ശര്‍മ ജോലി ചെയ്യുന്നത്.
തന്‍റെ ഫോണ്‍ രണ്ടു മാസത്തോളമായി കേടായിരുന്നുവെന്നും അതാണ് വീട്ടുലേക്ക് വിളിക്കാന്‍ കഴിയാഞ്ഞത് എന്നുമാണ് സുരേന്ദ്ര ശര്‍മ പറയുന്നത്. മകന്‍റെ തിരിച്ചുവരവ് വിശ്വസിക്കാനാവുന്നില്ലെന്നാണ് സുരേന്ദ്ര ശര്‍മയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബം പൊലീസിനെ സമീപിച്ചു.