ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‍ലാനി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്‍റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
‘സിഐഎസ്എഫ് അവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അവര്‍ക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവുമെന്നത് ഞാന്‍ ഉറപ്പാക്കും. ജയ് ഹിന്ദി, ജയ് ജവാന്‍, ജയ് കിസാന്‍’, വിശാല്‍ ദദ്‍ലാനിയുടെ കുറിപ്പ്.
ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറില്‍ നിന്ന് കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റത്. അതേസമയം കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൊഹാലി പൊലീസ് ആണ് കുല്‍വീന്ദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.