തന്നെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് പലരും രംഗത്ത് വന്നതിന് പിന്നാലെ ചോദ്യശരങ്ങളുമായി നടിയും എം.പിയുമായ കങ്കണ റനൗട്ട് രംഗത്ത്. മര്‍ദ്ദനം ന്യായീകരിക്കുന്നവര്‍ നാളെ ഒരാള്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്താല്‍ അതിനെ പിന്തുണയ്ക്കുമോയെന്നും നിയുക്ത എംപി ചോദിച്ചു.
റേപ്പിസ്റ്റുകള്‍ക്കും, കൊലപാതകികള്‍ക്കും, കള്ളന്മാര്‍ക്കും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് കൃത്യമായ ശാരീരികമോ, മാനസികമോ, സാമ്പത്തികമോ ആയ കാരണങ്ങള്‍ ഉണ്ടാകും. കാരണമില്ലാതെ ഒരു കുറ്റകൃത്യവും ഉണ്ടാകുന്നല്ല. എന്നിട്ടും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നില്ലേയെന്ന് കങ്കണ ചോദിക്കുന്നു. ‘ഒരാള്‍ നിങ്ങളുടെ വളരെ അടുത്തേക്ക് വരുകയും നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുെട ശരീരത്തില്‍ തൊടുകയും ചെയ്താല്‍ അതിനെ പിന്തുണയ്ക്കുമോ? അത് പീഡനമല്ല എന്ന ന്യായീകരിക്കുമോ? കുത്തിക്കൊന്നാലും അതു സാരമില്ലായെന്ന് വെയ്ക്കുമോ?’ കങ്കണ എക്സില്‍ കുറിച്ചു.
യോഗയോ, ധ്യാനമോ തുടങ്ങൂവെന്നാണ് തന്‍റെ പക്ഷമെന്നും ഇല്ലെങ്കില്‍ ജീവിതെ കയ്പ്പ് നിറഞ്ഞതും ഭാരമുള്ളതുമായിരിക്കുമെന്നും, വൈരാഗ്യവും വെറുപ്പും അസൂയയും കൈവിട്ട് നിങ്ങളെ തന്നെ സ്വതന്ത്രരാക്കണമെന്നും കങ്കണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ കൗര്‍ കങ്കണയെ മര്‍ദ്ദിച്ചത്. കര്‍ഷക സമരത്തിനെതിരെ കങ്കണയുടെ പോസ്റ്റുകള്‍ തന്നെ ചൊടിപ്പിച്ചിരുന്നെന്നും, തന്‍റെ അമ്മയെ ഉള്‍പ്പെടെ അപമാനിച്ചെന്നും അതുകൊണ്ടാണ് തല്ലിയതെന്നും പറഞ്ഞ് കൗര്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും പക്ഷം ചേര്‍ന്ന് പലരും രംഗത്തെത്തിയിട്ടുണ്ട്