വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ അടിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ വിഷയത്തിലെ ബോളിവുഡിന്റെ നിശബ്ദത കങ്കണ ചോദ്യം ചെയ്തത്. എന്നാല്‍ പിന്നാലെ തന്നെ ഇന്‍സ്റ്റാ സ്റ്റോറി ഡിലീറ്റ് ചെയ്തു.
ഡല്‍ഹിയിലേക്ക് വരുന്നതിനായി ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കങ്കണയുടെ മുഖത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചത്. വിമാനത്താവളത്തില്‍ വെച്ച് എനിക്ക് നേരെയുണ്ടായ ആക്രമണത്തെ നിങ്ങള്‍ ആഘോഷിക്കുകയോ, ആ വിഷയത്തില്‍ പൂര്‍ണമായും നിശബ്ദത പാലിക്കുകയോ ആണ് ചെയ്യുന്നത് എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ കങ്കണ കുറിച്ചത്.
നാളെ നിങ്ങള്‍ നിരായുധരായി നിങ്ങളുടെ രാജ്യത്തെ നിരത്തുകളിലൂടെയോ അതല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുകൂടെയോ നടക്കുന്ന സമയം ഏതെങ്കിലും ഇസ്രയേലി, പലസ്തീന്‍ പൗരന്മാര്‍ നിങ്ങള്‍ റാഫയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ നിങ്ങളെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായാലോ...അങ്ങനെയുണ്ടായാല്‍ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരില്‍ ഞാന്‍ മുന്‍പിലുണ്ടാവും, ഇന്‍സ്റ്റാ സ്റ്റോറിയില്‍ കങ്കണ കുറിച്ചു.
ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചുള്ള ഇന്‍സ്റ്റാ സ്റ്റോറി താരം പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ട് ഇന്‍റര്‍നെറ്റില്‍ വൈറലായി. എന്തുകൊണ്ടാണ് കങ്കണയ്ക്ക് പിന്തുണയുമായി താരങ്ങള്‍ എത്താത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കര്‍ഷക സമരത്തെപ്പറ്റി അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താന്‍ നിയുക്ത ലോക്സഭാ എംപി കങ്കണ റനൗട്ടിനെ തല്ലിയതെന്ന് സുരക്ഷ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ പ്രതികരിച്ചിരുന്നു.