ചിത്രം: മോദി (വലത്, PTI) ധ്രുവ് റാഠി (ഇടത്, കടപ്പാട് : X)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വിഡിയോ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതിന് അഭിഭാഷകനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. പല്‍ഘാര്‍ സ്വദേശിയായ ആദേശ് ബന്‍സോദ് എന്ന അഭിഭാഷകനാണ് മേയ് 20 ന് ധ്രുവ് റാഠിയുടെ വിഡിയോ വാസൈ ബാര്‍ അസോസിയേഷന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത്. 'മൈന്‍ഡ് ഓഫ് എ ഡിക്റ്റേറ്റര്‍' എന്ന വിഡിയോയാണ് വോട്ട് ചെയ്യുന്നതിന് മുന്‍പ് വിഡിയോ കാണുകയെന്ന കുറിപ്പോടെ പങ്കുവച്ചത്.
മഹാരാഷ്ട്രയിലെ സിപിഐഎംല്‍ സെക്രട്ടറി കൂടിയാണ് ആദേഷ്. ആദേഷിന്‍റെ വാട്സാപ്പ് പോസ്റ്റ് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. തിരഞ്ഞെടുപ്പിന് മുമ്പായി വ്യാജപ്രചരണം നടത്തുകയും ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ തനിക്കെതിരെ കള്ളക്കേസാണ് റജിസ്റ്റര്‍ ചെയ്തതെന്നും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമമെന്നും ആദേഷ് പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോയാണ് പങ്കുവച്ചതെന്നും വിഡിയോ കണ്ടവര്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോയെന്ന ചോദ്യവും ആദേഷ് ഉയര്‍ത്തുന്നു. നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ആദേഷ് വ്യക്തമാക്കി.