vazhakku

 

 

 

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ ‘വഴക്ക്’ സിനിമയുടെ പ്രിവ്യു കോപ്പി ലിങ്ക് പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സനൽകുമാർ ശശിധരൻ വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യു കോപ്പി വിഡിയോ ലിങ്ക് പുറത്തുവിട്ടത്. 

 

''പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം.'' എന്ന ക്യാപ്ഷനോടെയാണ് തന്‍റെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്ക് പുറത്തുവിട്ടത്. 

 

 

'വഴക്ക്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മില്‍ നേരത്തേ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ടൊവിനോ തോമസും  കനി കുസൃതിയും പ്രധാന വേഷത്തിലെത്തിയ ‘വഴക്ക്’ 2022ൽ തന്നെ നിർമാണം പൂർത്തിയായിരുന്നു.  സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയയ്‌ക്കു ലഭിച്ചിരുന്നു.

 

സിനിമ റിലീസ് ചെയ്യാന്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് സനല്‍ രംഗത്തെത്തിയിരുന്നു. പരാജയഭീതി കൊണ്ടാണ് ടൊവിനോ റിലീസ് ചെയ്യാത്തതെന്നായിരുന്നു സനലിന്‍റെ ആരോപണം. 

 

 

എന്നാൽ സനൽകുമാര്‍ പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോയും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ചിത്രത്തിന്‍റെ  പ്രിവ്യു കോപ്പി വിഡിയോ ലിങ്ക് സംവിധായകന്‍ തന്നെ പുറത്തുവിട്ടത്.