son-sood-x-post

ഗുരുഗ്രാമില്‍ ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഷൂ ഡെലിവറി ബോയ് മോഷ്ടിച്ച സംഭവത്തില്‍ ഡെലിവറി ബോയ്ക്ക് പിന്തുണയുമായി നടന്‍ സോനു സൂദ്. ഡെലിവറി ബോയ് ഷൂ മോഷ്ടിക്കുന്ന വിഡിയോ സിസിടിവിയില്‍ പതിയുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ദയ കാണിക്കൂ എന്ന് കുറിച്ച് സോനു സൂദ് രംഗത്തെത്തിയിരിക്കുന്നത്. 

 

എക്സില്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെ ‘ദയ കാണിക്കൂ, ഒരു നടപടിയും എടുക്കരുത്, പകരം ആ മനുഷ്യന്‍ ഒരു ജോടി ഷൂസ് വാങ്ങി നല്‍കൂ, അവന് അത് ആവശ്യമുണ്ടായിരിക്കാം’ എന്നാണ് സോനു സൂദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്‍റെ പോസ്റ്റും സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

 

പോസ്റ്റിന് കമന്‍റുമായി എത്തിയവരില്‍ ഭൂരിഭാഗവും മോഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് സോനു സൂദിനെ ട്രോളുകയും വിമര്‍ശിക്കുകയുമാണ്. താന്‍ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ പോസ്റ്റുകളിൽ ഒന്നാണിത് എന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം ദാരിദ്ര്യം ഒരാൾക്ക് മോഷ്ടിക്കാനുള്ള ലൈസൻസ് നൽകുന്നില്ല എന്നും അവൻ സ്ഥിരം കള്ളനാണെങ്കിലോ? അവൻ സ്ഥിരമായി അത് ചെയ്യുന്നുണ്ടെങ്കിലോ? എന്നും കമന്‍റുകളുണ്ട്. 8 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

 

ഭക്ഷണം ഡെലിവെറി ചെയ്യാനെത്തിയ യുവാവാണ് ഫ്ലാറ്റിന് പുറത്ത് ഊരിയിട്ട ഷൂ മോഷ്ടിച്ചത്. രോഹിത് അറോറ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പുറത്തുവിട്ടത്. ഏപ്രിൽ 9നാണ് സംഭവം. ഫ്ലാറ്റില്‍ എത്തിയ ഡെലിവറി ബോയ് ഭക്ഷണം ഡെലിവറി ചെയ്തതിന് ശേഷം സ്റ്റെപ്പുകള്‍ ഇറങ്ങി ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം തിരിച്ചെത്തി വാതിലിന് മുന്നിലായി ഊരിവെച്ച ഷൂ എടുത്ത് കയ്യിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് മറച്ച് കൊണ്ടുപോകുകയായിരുന്നു. 

Sonu Sood supports delivery partner who stole shoes.