• വിചിത്ര വിശ്വാസത്തിലേക്ക് നവീന്‍ എത്തിയത് 2016 ല്‍
  • പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല
  • ദേവിയും നവീനുമായുള്ള സൗഹൃദത്തില്‍ നിന്ന് ആര്യയെ കുടുംബം വിലക്കിയിരുന്നു

വിചിത്ര വിശ്വാസത്തിലേക്ക് ആര്യയെയും ദേവിയെയും കൊണ്ടുവന്ന നവീന്‍ വൈദികനടക്കമുള്ള സുഹൃത്തുക്കളെ കൂടി ഇതേ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പൊലീസ്. എട്ടുവര്‍ഷം മുന്‍പാണ് നവീന്‍ അന്യഗ്രഹ ജീവിതമെന്ന വിചിത്ര വിശ്വാസത്തിന് തുടക്കമിട്ടത്. ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഈസമയത്ത്. ഭാര്യയായ ദേവിയെ കൂടി ക്രമേണെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. ആദ്യഘട്ടത്തില്‍ ദേവി ഇതിന് വഴങ്ങിയിരുന്നില്ല. ഇതോടെ വൈദികനടക്കമുള്ള മറ്റ് സുഹൃത്തുക്കളിലേക്ക് വിചിത്ര വിശ്വാസം പങ്കുവച്ചു. അവരാകട്ടെ നവീനെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. 

 

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതില്‍ നിന്നും രക്ഷ നേടണമെങ്കില്‍ അന്യഗ്രഹത്തില്‍ പുനര്‍ജന്‍മം നേടണമെന്നുമാണ് നവീന്‍ ഉറച്ച് വിശ്വസിച്ചിരുന്നത്. നവീന്‍ ഈ വിശ്വാസം തുടര്‍ന്നതോടെ ദേവിയും ഇതേ പാതയിലെത്തി. 2020ലാണ് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിപ്പിക്കുന്നതിനിടെ ആര്യയും ദേവിയും പരിചയത്തിലാകുന്നത്. പൊതുവേ ഇത്തരം ചിന്തകളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആര്യയെ ദേവി വഴി നവീന്‍ തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് ദേവിയേക്കാള്‍ കടുത്ത അന്ധവിശ്വാസിയായി ആര്യ മാറിയെന്ന് പൊലീസ് പറയുന്നു. മൂവരും തമ്മിലുള്ള അടുപ്പത്തിലും ആര്യയുടെ പെരുമാറ്റത്തിലുമൊക്കെ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങിന് വിധേയമാക്കി. ദേവിയുമായി അടുപ്പം പുലര്‍ത്തുന്നത് വിലക്കുകയും ചെയ്തെങ്കിലും മൂവരും രഹസ്യമായി അടുപ്പവും വിചിത്രവിശ്വാസവും തുടര്‍ന്നു. 

 

2023 മാര്‍ച്ചില്‍ അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളിലെത്തി ധ്യാനത്തില്‍ പങ്കെടുത്ത നവീനും ദേവിയും മരണത്തിന് അരുണാചല്‍ തിരഞ്ഞെടുക്കുകയും ഒരു വര്‍ഷം തികയുന്ന വേളയില്‍ ആര്യയെ അവിടേക്ക് കൊണ്ടുപോവുകയുമായിരുന്നു. പുനര്‍ജന്മമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് രക്തം വാര്‍ന്നുള്ള മരണം മൂവരും തിര​ഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.

 

Naveen tries to  impose his belief to friends includes priest