ചിത്രം: ഗൂഗിള്‍ & എക്സ്

മോമോസ് ഉണ്ടാക്കി വില്‍ക്കുന്ന ഒരു ചെറിയ കടയില്‍ ജോലിക്കാരനെ തേടുന്നു എന്ന് പരസ്യം. എന്നാല്‍ കണ്ടവരും കേട്ടവരും ഞെട്ടിയത് ജോലിയുടെ ശമ്പളം കണ്ടാണ്. ആ പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പിന്നാലെ രസകരമായ കമന്‍റുകളുമായി ആളുകളും എത്തിത്തുടങ്ങി. 

 

അമൃത സിംഗ് എന്ന എക്സ് ഉപയോക്താവാണ് വൈറലായ പരസ്യം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ ശരാശരി കോളേജുകള്‍ വാഗ്ദാനം ചെയ്യുന്ന നിങ്ങള്‍ക്ക് ജോലി ലഭിച്ചാല്‍ കിട്ടിയേക്കാവുന്ന ശമ്പളത്തേക്കാള്‍ മികച്ച പാക്കേജാണ് ഈ മോമോസ് കട വാഗ്ദാനം ചെയ്യുന്നത് എന്ന് കുറിച്ചാണ് എക്സിലൂടെ അമൃത പോസ്റ്റ് പങ്കിട്ടത്. ചിത്രത്തിലെ പര്യത്തില്‍ 25,000 രൂപയാണ് തെരുവിലെ ഈ മോമോസ് കട പുതിയ ജോലിക്കാരന് വാഗ്ദാനം ചെയ്യുന്നത്. 

 

ഹിന്ദിയിലുള്ള പോസ്റ്ററില്‍ ഹെല്‍പ്പര്‍ അല്ലെങ്കില്‍ ജോലിക്കാരനെ ആവശ്യമുണ്ട് എന്നാണ് എഴുതിയിരിക്കുന്നത്. ഞെട്ടലോടെയും കൗതുകത്തോടെയുമാണ് പോസ്റ്റ് നെറ്റിസണ്‍സ് ഏറ്റെടുത്തത്. പോസ്റ്റ് ഉടൻ വൈറലാകുകയും രസകരമായ പ്രതികരണങ്ങളുമായി ആളുകള്‍ എത്തുകയും ചെയ്തു. ‘ഇപ്പോൾ തന്നെ അപേക്ഷിക്കുന്നു’ എന്നാണ് ഒരാള്‍ പോസ്റ്റിനടിയില്‍ കുറിച്ചത്. 25000 + ഫ്രീ മോമോസ് എന്ന് കുറിച്ച് മറ്റൊരു ഉപയോക്താവും എത്തി. എവിടെയാണ് ഈ മോമോസ് കട എന്ന തരത്തിലുള്ള ചോദ്യങ്ങളും ധാരാളം വരുന്നുണ്ട്. 

 

Momos shop offers ₹ 25,000 for helper job; Viral