സ്കൂട്ടറില്‍ മാത്രമല്ല ഹെല്‍മെറ്റിലും പുത്തന്‍ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ഏഥര്‍. പാട്ട് കേള്‍ക്കാനും കോള്‍ സ്വീകരിക്കാനുമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഹെല്‍മെറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി.
ഹാലോ സീരിസ് എന്ന പേരില്‍ രണ്ട് ഹെല്‍മെറ്റുകളാണ്(ഹാലോ, ഹാലോ ബിറ്റ്) കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഏഥർ എനർജിയിൽ നിന്നുള്ള സ്മാർട്ട് ഹെൽമെറ്റ് ഓട്ടോ-വെയർ ഡിറ്റക്റ്റ് ടെക്നോളജി, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകള്‍ ഹാലോ ഹെല്‍മെറ്റിനുണ്ട്.
അതായത് സ്കൂട്ടറിന്‍റെ സ്ക്രീനുമായും റൈഡറിന്‍റെ മൊബൈല്‍ ഫോണുമായും ഒരേ സമയം കണക്ട് ചെയ്ത് ഹാലോ ഹെല്‍മെറ്റ് ഉപയോഗിക്കാം. ഫോണിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ഹാര്‍മന്‍റെ രണ്ട് മികച്ച സ്പീക്കറുകള്‍ ഹെല്‍മെറ്റിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോണിലേക്ക് വരുന്ന കോളുകള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
ഒറ്റ ചാര്‍ജില്‍ 10 ദിവസം വരെ പ്രവര്‍ത്തിക്കുന്ന ഹാലോ ഹെല്‍മെറ്റിന് സീറ്റിനുള്ളില്‍ ഘടിപ്പിക്കാനാകുന്ന വയര്‍ലെസ് ചാര്‍ജറും കമ്പനി നല്‍കുന്നുണ്ട്. അതായത് സീറ്റിനുള്ളില്‍ വെച്ചാല്‍ മാത്രം മതി ഹെല്‍മെറ്റ് തനിയേ ചാര്‍ജ് ആകും
ഹാലോ ബിറ്റ് ഹെൽമെറ്റിന് രസകരമായ മറ്റൊരു സവിശേഷത കൂടിയുണ്ട്. ബൈക്ക് വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കാറ്റ് വീശുന്നതുകൊണ്ട് പിന്‍സീറ്റ് യാത്രക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ. അതിന് പ്രതിവിധിയുമായാണ് ഹെല്‍മെറ്റ് എത്തിയിരിക്കുന്നത്.
രണ്ടു പേരും ഹാലോ ബിറ്റ് ഹെല്‍മെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ റൈഡറിനും പിൻസീറ്റ് യാത്രികനും ആശയവിനിമയം നടത്താന്‍ സാധിക്കും. ചിറ്റ്ചാറ്റ് എന്നാണ് ഈ ഫീച്ചറിൻ്റെ പേര്. എന്നാല്‍ ഹാലോ ബിറ്റ് ഹെൽമെറ്റിന് പാട്ട് കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ സ്പീക്കറുകള്‍ നല്‍കിയിട്ടില്ല.
ഫീച്ചറുകള്‍ കൊണ്ട് മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും ഈ ഹെല്‍മെറ്റുകള്‍ പിന്നിലല്ല. സുരക്ഷാ സര്‍ട്ടിഫിക്കേഷനായ ഐഎസ്ഐ(ISI) കൂടാതെ ഡോട്ട് (DOT) സര്‍ട്ടിഫിക്കേഷനും ഇരു ഹെല്‍മറ്റുകള്‍ക്കുമുണ്ട്. 12,999 രൂപയാണ് ഹാലോ സീരീസ് ഹെൽമെറ്റുകളുടെ പ്രാരംഭ വില. 499 രൂപ ടോക്കൺ തുകയ്ക്ക് ഇപ്പോള്‍ പ്രീ ബുക്കിങും ആരംഭിച്ചുകഴിഞ്ഞു.
Ather Introduces Smart Helmet Series Halo and Halo Bit