പാടത്തും, കുളങ്ങളിലുമെല്ലാം കണ്ടിട്ടുള്ള താമര കൃഷി വീട് അങ്കണത്തിൽ നടത്തിയാലോ?. ഒന്നും, രണ്ടുമല്ല 35 ഇനം താമരകൾ വീട്ടിൽ വിരിയിച്ച് സ്വയം സംരംഭകയായി മാറിയിരിക്കുകയാണ് ഇടുക്കി കുമളി പത്തുമുറി സ്വദേശി വള്ളിയാങ്കൽ രാധിക ശിവൻ കുട്ടി. വ്യത്യസ്ത ഇനമായ സഹസ്രദള പത്മം കൂടി വിരിയിച്ചതോടെ രാധികയുടെ കൃഷി നാടങ്ങും വൈറലാണ്.
ദേവി ദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന സഹസ്ര ദള പത്മം കേരളത്തിലെ കാലാവസ്ഥയിൽ അപൂർവമായെ പൂവിടാറുള്ളു. തന്‍റെ വീട്ടങ്കണത്തിൽ പ്ലാസ്‌റ്റിക് പാത്രത്തിലാണ് രാധിക സഹസ്രദള പത്മം വിരിയിച്ചത്.
മൂന്ന് വർഷം മുമ്പ് കൗതുകത്തിന് തുടങ്ങിയ താമര വളർത്തൽ രാധികയ്ക്കിന്നൊരു വരുമാന മാർഗം കൂടിയാണ്. ബംഗാളിൽ നിന്ന് ഓൺലൈൻ വഴി വിത്ത് വാങ്ങിയാണ് രാധികയുടെ കൃഷി. ഹൈറേഞ്ചിലെ കാലാവസ്ഥ ആദ്യമൊക്കെ വെല്ലുവിളിയായെങ്കിലും പിന്നീട് അതും മറികടന്നു ഈ വീട്ടമ്മ. തന്‍റെ വീട്ടാങ്കണത്തിൽ അപൂർവ ഇനമായ താമര കൂടി വിരിഞ്ഞതോടെ കൃഷി വിപുലികരിക്കാനുള്ള ഒരുക്കത്തിലാണ് രാധിക.