ഇന്‍ഫോസിസ് ആരംഭ കാലത്തെ പ്രയാസങ്ങളെ പറ്റി തുറന്ന് പറഞ്ഞ് രാജ്യസഭാ എംപി സുധാ മൂര്‍ത്തി. ഭര്‍ത്താവ് നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസ് തുടങ്ങാന്‍ താന്‍ 10,000 രൂപ നല്‍കിയെന്നും കമ്പനി തുടങ്ങുന്നതിനെ പറ്റി ചെറിയ തര്‍ക്കങ്ങളുണ്ടായെന്നും ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ സുധാ മൂര്‍ത്തി പറഞ്ഞു. 1981 കാലത്ത് രണ്ട് പേര്‍ക്കും നല്ല ശമ്പളമുള്ള സ്ഥിരതയുള്ള ജോലിയുണ്ടായിരുന്നു. ഇതായിരുന്നു തന്റെ എതിര്‍പ്പിന് കാരണമെന്ന് സുധാ മൂര്‍ത്തി പറഞ്ഞു.
''അക്കാലത്ത് 10,250 രൂപ എന്‍റെ കയ്യില്‍ സമ്പാദ്യമായി ഉണ്ടായിരുന്നു. അതില്‍ 250 രൂപ കയ്യില്‍ വെച്ച് ബാക്കി 10,000 രൂപയാണ് നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസ് ആരംഭിക്കാന്‍ നല്‍കിയത്. നേരത്തെ സോഫ്റ്റ്റോണിക്സ് ആരംഭിച്ച് പരാജയപ്പെട്ട അനുഭവമുള്ളതിനാല്‍ ഒരു റിസ്ക് എടുക്കുകയായിരുന്നു'', സുധാ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഇന്‍ഫോസിസ് ആരംഭിച്ചതോടെ ജീവിതം വലിയ രീതിയില്‍ മാറിയെന്നും അതൊരു ഉത്തരവാദിത്വവും പ്രതിബദ്ധതയുമായിരുന്നുവെന്നും സുധാ മൂര്‍ത്തി. ഒരു കമ്പനി ഉയര്‍ത്തികൊണ്ടുവരിക എന്നത് തമാശയല്ല, അതിനായി ഒരുപാട് ത്യാഗങ്ങള്‍ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് നാരായണ മൂര്‍ത്തിയും ഇന്‍ഫോസിസ് ജീവിതത്തെ പറ്റി സംസാരിച്ചു. ഇന്‍ഫോസിസ് അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നസ്ദാഖില്‍ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ കമ്പനിയായ മുഹൂര്‍ത്തം അഭിമാന നിമിഷമായിരുന്നുവെന്ന് നാരായണ മൂര്‍ത്തി പറഞ്ഞു. സുധാ മൂര്‍ത്തിയെ കമ്പനി സ്ഥാപകാംഗങ്ങളില്‍ ഉള്‍പ്പെടുത്താത്തതിനെ പറ്റിയും നാരായണ മൂര്‍ത്തി സംസാരിച്ചു. '' അന്ന് ഞാന്‍ തിരുത്തന്‍ പറ്റാത്തൊരു ആദര്‍ശവാദിയായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ കുടുംബ ബിസിനസുകളായിരുന്നു. അതിനാല്‍ എന്തെങ്കിലും പുതിയത് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു'', അദ്ദേഹം പറഞ്ഞു.
എല്ലാ സ്ഥാപകരേക്കാളും യോഗ്യതയുള്ളവളാണ് സുധാ. എന്നാല്‍ ഭാര്യ– ഭര്‍ത്താവ് കമ്പനിയാക്കി മാറ്റാതിരിക്കാനുള്ള ആദര്‍ശത്തിന്‍റെ പുറത്തായിരുന്നു ആ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ ആദ്യ കാലത്ത് സങ്കടമുണ്ടായിരുന്നതായി സുധാ മൂര്‍ത്തിയും പറഞ്ഞു.
''എന്‍ജിനീയറിങില്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. സ്ഥാപക ടീമിലേക്ക് പരിഗണിക്കാത്തതില്‍ ആദ്യ കാലത്ത് വിഷമമുണ്ടായിരുന്നു. പിന്നീട് ചിന്തിക്കുമ്പോള്‍ ഇതൊരു നല്ല കാര്യമായി തോന്നി. അന്ന് ടീമിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഇന്‍ഫോസിസില്‍ ടെക്നിക്കല്‍ ഡയറക്ടറായി വിരമിക്കുമായിരുന്നു. എന്നാല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ ഒരുപാട് ജീവിതങ്ങളെ സ്പര്‍ശിച്ചു. അതാണ് മറ്റേത് സ്ഥാനത്തേക്കാളും മൂല്യമുള്ളത്'' സുധാ മൂര്‍ത്തി പറഞ്ഞു.
രാഷ്ട്രപതി രാജ്യസഭാ എംപിയായ നോമിനേറ്റ് ചെയ്ത സുധാ മൂര്‍ത്തി വ്യാഴാഴ്ച എംപിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Sudha Murthy share the story behind Infosys