സമൂഹമാധ്യമങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ വിഡിയോസ് പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. രസകരമായ അവയുടെ കളിയും ചിരിയും കാണാന്‍ ഇഷ്ടമുളളവരും ഏറെയാണ്. എന്നാല്‍ ബാവോ എന്ന നായക്കുട്ടി തന്‍റെ ജീവിതരീതി കൊണ്ടാണ് സോഷ്യല്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ലക്ഷങ്ങള്‍ വിലയുളള വസ്ത്രങ്ങളും, കൂളിംങ് ഗ്ലാസുകളും, ബാഗുകളുമെല്ലാമായി ആഡംബര ജീവിതം നയിക്കുകയാണ് ബാവോ. ചിഹ്വാഹ്വ ഇനത്തില്‍പ്പെട്ട ബാവോയെ ഇത്തരത്തില്‍ പൊന്നുപോലെ നോക്കുന്നത് 37കാരി സാ തി ങോക് ട്രാൻ ആണ്. ട്രാന്‍ യാത്ര പോകുന്നിടത്തെല്ലാം ബാവോയെയും ഒപ്പം കൂട്ടാറുണ്ട്. ബോവോയുടെ യാത്രകളുടെ വിശേഷങ്ങളും വസ്ത്രധാരവുമെല്ലാം സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ്.
കോവിഡ് കാലത്താണ് ട്രാന്‍ ബാവോയെ സ്വന്തമാക്കുന്നത്. കാനഡയിലെ ടൊറന്റോ സ്വദേശിനിയാണ് ട്രാന്‍. പിന്നീട് ട്രാനിന്‍റെ യാത്രകള്‍ക്കൊപ്പം ബാവോയും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് പാരിസ് , മെക്സിക്കോ തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്തു. ബാവോ തനിക്ക് കുഞ്ഞിനെപ്പോലെയാണെന്നും ഇപ്പോള്‍ അവനില്ലാതെ ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും ട്രാന്‍ പറയുന്നു.
യാത്ര പോകുന്ന സ്ഥലവും സന്ദര്‍ഭവും അനുസരിച്ചാണ് ബാവോയുടെ ഡ്രസിങ് സ്റ്റൈല്‍. സിംപിൾ സ്റ്റൈൽ ഷർട്ടുകളാണ് ബാവോ വീട്ടില്‍ ധരിക്കുന്നത്. എന്നാല്‍ പുറത്തേക്ക് പോകുമ്പോള്‍ സ്ഥലത്തിനനുസരിച്ച് ഡ്രസിങ് സ്റ്റൈല്‍ മാറും. ഒപ്പം ആക്സസറീസിലും കാര്യമായ മാറ്റം കാണാം. ആഡംബര വസ്ത്രവും അതിനിണങ്ങുന്ന ആക്സസറീസും ധരിച്ചാണ് വിദേശ യാത്രകളില്‍ ബാവോ പ്രത്യക്ഷപ്പെടാറ്. യാത്രകളുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ ട്രാന്‍ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 1,66,000ത്തിലധികം ഫോളോവേഴ്സുളള താരമാണ് ബാവോ.
ബാവോയെ അണിയിച്ചൊരുക്കി കൊണ്ടുനടക്കാന്‍ ലക്ഷങ്ങളാണ് ട്രാന്‍ ചെലവഴിക്കുന്നത്. രണ്ട് ലക്ഷത്തിന്‍റെ വസ്ത്രം. വില കൂടിയ വിവിധ തരം കൂളിങ് ഗ്ലാസുകള്‍, വസ്ത്രത്തിനിണങ്ങുന്ന തൊപ്പി, ബാഗ്, മറ്റ് ആക്സസറികള്‍ ഇതിനെല്ലാമായി വലിയൊരു തുക ട്രാന്‍ ചെലവഴിക്കുന്നുണ്ട്. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല ഭക്ഷണവും താമസവും വരെ ട്രാനിനൊപ്പം വലിയ ഹോട്ടലുകളിലും മറ്റുമാണ്. ബാവോയെ വെല്ലാന്‍ മാത്രം സ്റ്റൈലിഷ് ആയ മറ്റൊരു നായയില്ലെന്നാണ് ആരാധകരുടെ വാദം.
Canadian Influencer Dog goes viral on Social media