92ാം വയസില്‍ മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക് വിവാഹിതനാവുന്നു. റഷ്യന്‍ മോളിക്യുലാര്‍ ബയോളജിസ്റ്റായ എലന സുക്കോവ(67) ആയുള്ള റൂപര്‍ട്ട് മര്‍ഡോക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളുകളായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ അഞ്ചാമത്തെ വിവാഹമാണ് ഇത്.

മര്‍ഡോക്കിന്റെ മൊറാഗ മുന്തിരിത്തോട്ടത്തില്‍ വെച്ച് ഈ വര്‍ഷം ജൂലൈയില്‍ വിവാഹം നടത്തുമെന്നാണ് സൂചന. മര്‍ഡോക്കിന്റെ മൂന്നാമത്തെ ഭാര്യ വെന്‍ഡി ഡങ് നടത്തിയ ഒത്തുചേരലില്‍ വെച്ചാണ് മര്‍ഡോക്കും എലനയും കണ്ടുമുട്ടുന്നത്. അമേരിക്കന്‍ മോഡലും റേഡിയോ താരവുമായ ആന്‍ ലെസ്ലിയുമായുള്ള ഡേറ്റിങ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് എലനയുമായി മര്‍ഡോക് പ്രണയത്തിലാവുന്നത്. 

ഓസീസ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് പട്രീഷ്യ ബുക്കര്‍, സ്കോട്ടിഷ് വംശജയായ പത്രപ്രവര്‍ത്തക അന്ന മാന്‍, വെന്‍ഡി, ജെറി ഹാള്‍ എന്നിവരാണ് മര്‍ഡോക്കിന്റെ മുന്‍ ഭാര്യമാര്‍. യുഎസ് മോഡലും നടിയുമായിരുന്നു ജെറി ഹാള്‍. മര്‍ഡോക്കിന്റെ സഹോദരി വഴിയാണ് ജെറിയെ പരിചയപ്പെടുന്നത്. ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യന്‍ താനാണെന്നാണ് ജെറി ഹാളിനെ വിവാഹം ചെയ്തതിന് പിന്നാലെ മര്‍ഡോക് ട്വീറ്റ് ചെയ്തത്.