അസുഖം ബാധിച്ച് അവശനിലയിലായ പശുവിനെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍. സ്വിറ്റ്‌സർലന്‍ഡിലാണ് സംഭവം നടന്നത്. പശുവിന് ഉടനടി ചികില്‍സ നല്‍കേണ്ട സാഹചര്യമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പശുവിനെ എടുത്ത് വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ കഴിയാത്തതിനാലും മൃഗാശുപത്രി ദൂരെയതിനാലുമാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പശുവിനെയും കൊണ്ട് പറന്നകലുന്ന ഹെലികോപ്റ്ററിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൃഗസ്നേഹത്തിന്‍റെ കാര്യത്തിലും മൃഗങ്ങളെ പരിചരിക്കുന്ന കാര്യത്തിലും സ്വിസ് സര്‍ക്കാര്‍ മുന്നിലാണെന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ പ്രതികരണം. പശുവുമായി ആശുപത്രിയിലേക്ക് പോകുന്ന ഹെലികോപ്റ്ററിന്‍റെ ദൃശ്യങ്ങള്‍ 19 മില്ല്യണിലധികം ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.
എന്നാല്‍ വിഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ സ്വിറ്റ്‌സർലന്‍ഡില്‍ എവിടെയാണ് സംഭവമെന്നോ വിഡിയോയില്‍ വ്യക്തമല്ല. മൃഗസ്നേഹികള്‍ വിഡിയോക്ക് പിന്തുണയറിയിച്ച് രംഗത്തെത്തുന്നതിനൊപ്പം തന്നെ ഇന്‍റര്‍നെറ്റില്‍ നിരവധിയാളുകളെ ചിരിപ്പിച്ച വിഡിയോ എന്ന രീതിയിലും സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
Swiss Cow Airlifted To Vet Clinic