singer-viral-video

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ ഹാസ്യതാരത്തിന്റെ മുഖത്തടിച്ച് പാക് ഗായിക ഷസിയ മന്‍സൂര്‍. പരിപാടിക്കിടെ ഹണിമൂണിനെ കുറിച്ച് ചോദിച്ചാണ് ഗായികയെ പ്രലോഭിപ്പിച്ചത്.‘പബ്ലിക് ഡിമാന്‍ഡ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഷസിയ. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. 

‘നമ്മള്‍ വിവാഹം കഴിച്ചാലുടന്‍ നിന്നെ ഞാന്‍ മൊണ്ടേ കാര്‍ലോയില്‍ നമ്മുടെ മധുവിധു ആഘോഷിക്കാന്‍ കൊണ്ടുപോകും. ഏത് 'ക്ലാസ്' ആണ് വേണ്ടതെന്നു പറയാമോ’ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം.അപ്രതീക്ഷിതമായ ചോദ്യം കേട്ട് നിയന്ത്രണം നഷ്ടമായ ഷസിയ, ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് അവതാരകനെ പൊതിരെ തല്ലുകയായിരുന്നു. ഇതിനു മുന്‍പ് പറഞ്ഞതൊക്കെ തമാശയായാണ് എടുത്തതെന്നും ഇത് തമാശയായി കാണാന്‍ പറ്റില്ലെന്നുമാണ് ഗായിക പറഞ്ഞത്.

ഒരു പരിപാടിക്ക് വന്നിരിക്കുന്ന സ്ത്രീയോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും എന്തു ധൈര്യത്തിലാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പൊതുവേദിയില്‍ ചോദിക്കുന്നതെന്നും ഷസിയ അവതാരകനോട് ചോദിച്ചു. അവതാരകനെ വേദിയില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.  മൂന്നാംകിടക്കാരന്‍ എന്നു പറഞ്ഞ് അവതാരകനായ നന്‍ഹയെ പരിഹസിക്കുകയും ചെയ്തു. 

പ്രശ്നം ഗുരുതരമായതോടെ പ്രശ്നം പരിഹരിക്കാന്‍ ചാനൽ പരിപാടിയുടെ അവതാരകൻ മൊഹ്സീന്‍ അബ്ബാസ് ഹൈദര്‍ ഇടപെടുകയും സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുതെന്നു നൻഹയ്ക്കു താക്കീത് നൽകുകയും ചെയ്തു. ഇനി ഒരിക്കലും ഈ പരിപാടിയിൽ പങ്കെടുക്കാൻ താൻ വരില്ലെന്നറിയിച്ച ഷസിയ മന്‍സൂര്‍ കുപിതയായി വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. 

വിഡിയോ വൈറലായതിനു പിന്നാലെ സംഭവം സത്യമാണോ അതോ ഈ രംഗവും മൂന്‍കൂട്ടി നിശ്ചയിച്ച് അവതരിപ്പിച്ചതാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.