‘ഡോളി ചായവാല’യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന ബില്‍ ഗേറ്റ്സിന്‍റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ‘എവിടെ തിരിഞ്ഞാലും പുതുമ കാണാം, അതിപ്പോ ഒരു ചായ ഉണ്ടാക്കുന്നതില്‍ പോലും’ എന്ന കുറിപ്പിനൊപ്പമായിരുന്നു ബില്‍ ഗേറ്റ്സ് വിഡിയോ പങ്കുവച്ചിരുന്നത്. ഇതില്‍ രസകരമായ സംഭവമെന്താണെന്നു വച്ചാല്‍ ഡോളി ചായവാലയ്ക്ക് ഇതാരാണ് എന്നുപോലും അറിയില്ലായിരുന്നു എന്നതാണ്. വിഡിയോ വൈറലായതിനു പിന്നാലെയാണ് ഇദ്ദേഹമാരാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ഡോളി ചായവാല പ്രതികരിച്ചിരിക്കുന്നത്.
‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു. ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ നാഗ്പൂരിലേക്ക് തിരികെയെത്തിയപ്പോളാണ് വിഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസ്സിലായത്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതു പോലുമില്ല. അദ്ദേഹം എന്‍റെയടുത്ത് വന്നുനിന്നു. ഞാന്‍ എന്‍റെ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. എന്‍റെ ചായ കുടിച്ചതിനു ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നാണ് ഡോളി ചായവാല പറഞ്ഞിരിക്കുന്നത്.
വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഡോളി ചായവാലയുടെ പ്രതികരണം. ചായയുണ്ടാക്കുന്ന പ്രത്യേക സ്റ്റൈല്‍ എവിടെനിന്നാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിന് താന്‍ കാണുന്ന സൗത്ത് ഇന്ത്യന്‍ സിനിമകളുടെ പ്രതിഫലനമാണ് ആ സ്റ്റൈല്‍ എന്ന മറുപടിയാണ് ഡോളി ചായവാല നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുണ്ടാക്കി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ ഞാന്‍ നാഗ്പപൂരിന്‍റെ ചായക്കാരനാണ്. പ്രധാനമന്ത്രിക്ക് ചായയുണ്ടാക്കി കൊടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ സന്തോഷം. ഒരു ചെറുചിരിയോടെ എല്ലാവര്‍ക്കും ചായ കൊടുക്കണമെന്നതാണ് തന്‍റെ ജീവിതാഭിലാഷം. ഈ ചിരികള്‍ തനിക്ക് തിരിച്ചും ലഭിക്കും’ എന്നും ഡോളി ചായവാല കൂട്ടിച്ചേര്‍ത്തു.
'Didn't know who he was'; Says Dolly Chaiwala on serving tea to Bill Gates.