bible-manuscript

2,500 പേജില്‍ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി മുംബൈ മലയാളിയായ ഷീല പൗലോസ്. സുറിയാനി മൂലഗ്രന്ഥത്തില്‍ നിന്ന് നേരിട്ട് തര്‍ജമചെയ്ത ബൈബിളാണ് ഷീല പകര്‍ത്തിയെഴുതിയത്. ബൈബിള്‍ എഴുത്തിന്‍റെ വിശേഷങ്ങള്‍ കാണാം.. 

 

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ ബൈബിള്‍ ആയിരുന്നു ഷീല പൗലോസിന് ആശ്രയം. പലയാവര്‍ത്തി വിശുദ്ധ ഗ്രന്ഥം വായിച്ച് മനസിരുത്തി. അങ്ങനെയാണ് ഒരിക്കല്‍ അത് പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്.

 

സുറിയാനി മൂലഗ്രന്ഥത്തില്‍ നിന്ന് കണിയാംപറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്കോപ്പ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ബൈബിളാണ് കയ്യെഴുത്തുപ്രതിക്ക് ആധാരം. പഴയനിയമവും അപ്പോക്രിഫ ഗ്രന്ഥങ്ങളും പുതിയ നിയമവും എഴുതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 2,502 പേജുകള്‍. ഏതാണ്ട് രണ്ടുവര്‍ഷത്തിലേറെ നീണ്ട പരിശ്രമം. ഇരുനൂറിലധികം പേനകള്‍ ഉപയോഗിച്ചു. അതിലും ഒരു കഥയുണ്ട്.

 

ബൈന്‍ഡ് ചെയ്ത് പുസ്തകരൂപത്തിലാക്കിയ ബൈബിളിന് ആറരക്കിലോ ഭാരമുണ്ട്. വേഗത്തിലെഴുതി റെക്കോര്‍ഡ് നേടുക എന്നചിന്തയില്‍ നിന്ന് മാറി ഒരു സമര്‍പ്പണത്തിന്‍റെ പാതയാണ് എഴുത്തിന്‍റെ കാര്യത്തില്‍ ഷീല സ്വീകരിച്ചത്. ഡോംബിവ്ലി സെന്‍റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ.ജോസഫ് വാഴയില്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനം നിര്‍വഹിച്ചു. അക്ഷരങ്ങളോട് അടുപ്പം സൂക്ഷിക്കുന്നവര്‍ക്ക് വേറിട്ട മാതൃക നല്‍കുകയാണ് മുംബൈ മലയാളിയായ ഷീല.