
‘ബോയിങ് അല്ലെങ്കില്‍ ഞാന്‍ പോകുന്നില്ല’ (If it’s not Boeing, I’m not going). ബോയിങ് കമ്പനിയുടെ വിമാനങ്ങളെക്കുറിച്ച് ഒരുകാലത്ത് പൈലറ്റുമാരും യാത്രക്കാരും ഒരുപോലെ പറഞ്ഞിരുന്ന വാചകം. അത്രമാത്രം ഉറപ്പായിരുന്നു അവര്‍ക്ക് ബോയിങ് വിമാനങ്ങളുടെ സുരക്ഷയില്‍. ‘ഇഫ് ഇറ്റ്സ് നോട്ട് ബോയിങ്, ഐ ആം നോട്ട് ഗോയിങ്’ എന്നെഴുതിയ ടീഷര്‍ട്ടുകളും കോഫ് മഗുകളും ഇപ്പോഴും ബോയിങ് കമ്പനി വില്‍ക്കുന്നുണ്ട്. എന്നാല്‍ കുറച്ചുകാലം മുന്‍പുവരെ സുരക്ഷയുടെ കാര്യത്തില്‍ ബോയിങ്ങില്‍ അര്‍പ്പിച്ചിരുന്ന ആ വിശ്വാസം ഇപ്പോഴില്ല. ഈമാസം അഞ്ചിന് ഓറിഗണിലെ പോര്‍ട്ട്‍ലന്‍ഡില്‍ നിന്ന് പറയുന്നയര്‍ന്ന അലാസ്ക എയര്‍ വിമാനത്തിന്റെ ജനാല അടക്കം ബോഡിയുടെ ഒരുഭാഗം ഇളകിപ്പോയതും യാത്രക്കാരുടെ വസ്ത്രങ്ങള്‍ വരെ കീറിപ്പറിഞ്ഞ് കാറ്റില്‍പ്പറന്നതുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
2019 മാര്‍ച്ച് പത്തിന് ആഡിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന ഏത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ പുത്തന്‍ ബോയിങ് വിമാനം ഒരുമിനിറ്റ് പിന്നിടും മുന്‍പ് തകര്‍ന്നുവീണ് കൊല്ലപ്പെട്ടത് 157 പേര്‍. അതിനും ആറുമാസം മുന്‍പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ പുതിയ ബോയിങ് സെവന്‍ ത്രീ സെവന്‍ മാക്സ് എയിറ്റ് (737 Max 8) ടേക്കോഫ് ചെയ്ത് 13 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജക്കാര്‍ത്തയ്ക്കടുത്ത് കടലില്‍ തകര്‍ന്നുവീണ് കൊല്ലപ്പെട്ടത് 3 കുട്ടികളടക്കം 189 പേര്‍. രണ്ട് വിമാനങ്ങളിലും ഉണ്ടായിരുന്ന ഒരാള്‍ പോലും രക്ഷപെട്ടില്ല.
പോര്‍ട്ട്‍ലന്‍ഡില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും അലാസ്ക എയര്‍ സംഭവം ലോകമെങ്ങും ബോയിങ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിന് വഴിതെളിച്ചു. നാഷണല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷന്‍ ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് വൈകാതെ പുറത്തുവരും. യുഎസ് കോണ്‍ഗ്രസും പ്രശ്നത്തില്‍ ഇടപെട്ടു. എങ്ങനെയാണ് വ്യോമസുരക്ഷയുടെ പര്യായമായിരുന്ന ഒരു ബ്രാന്‍ഡിന്റെ സല്‍പ്പേര് ഇങ്ങനെ തകര്‍ന്നടിഞ്ഞത്? എവിടെയാണ് ബോയിങ്ങിന്റെ പതനത്തിന്റെ തുടക്കം?
അമേരിക്കന്‍ വ്യവസായി വില്യം ബോയിങ് 1916ല്‍ ആണ് ബോയിങ് എയര്‍പ്ലെയ്ന്‍ കമ്പനി സ്ഥാപിച്ചത്. പസഫിക് എയ്റോ പ്രോഡക്ട്സ് എന്നായിരുന്നു ആദ്യത്തെ പേര്. ഒന്നാം ലോകമഹായുദ്ധകാലത്ത് യുഎസ് നേവി 50 പരിശീലന വിമാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതോടെ ബോയിങ് വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങി. ലോകത്തെ മികച്ച എന്‍ജിനീയര്‍മാരെയും എയ്റോനോട്ടിക്സ് വിദഗ്ധരെയും ഡിസൈനര്‍മാരെയും സാങ്കേതികവിദഗ്ധരെയും വില്യം, ബോയിങ്ങിലെത്തിച്ചു. യുദ്ധവിമാനക്കരാറുകളടക്കം ഏറ്റെടുത്തു. വ്യോമയാന ചരിത്രത്തില്‍ നാഴികക്കല്ലുകളായ പുതിയ പുതിയ മോഡലുകള്‍ പിറന്നു. മിസൈലുകളും യുദ്ധോപകരണങ്ങളും ഡ്രോണുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെയായി വൈവിധ്യവല്‍കരണം പിന്നാലെയെത്തി. ബോയിങ് പുരോഗതിയുടെ ആകാശത്തേക്ക് അതിവേഗം പറന്നുയര്‍ന്നു.
1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ പ്രതിരോധ വ്യവസായരംഗത്ത് ഉടലെടുത്ത പ്രതിസന്ധിയാണ് ബോയിങ്ങിന്റെ ചരിത്രത്തിലെ രണ്ടാമത്തെ നിര്‍ണായക ഘട്ടം. നാറ്റോ സഖ്യരാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ഭീഷണിയുയര്‍ത്തിയിരുന്ന കമ്യൂണിസ്റ്റ് ശത്രു ഇല്ലാതായതോടെ യുഎസിലെ പ്രതിരോധ കമ്പനികളുടെ നിലനില്‍പ്പുതന്നെ ആശങ്കയിലായി. വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ പരസ്പരം ലയിക്കാന്‍ തുടങ്ങി. 51 പ്രധാന പ്രതിരോധ കമ്പനികള്‍ ലയിച്ച് 5 മെഗാ കോര്‍പറേറ്റുകള്‍ രൂപം കൊണ്ടു. 1997ല്‍ ബോയിങ്ങും മുഖ്യ എതിരാളിയായിരുന്നു മക്ഡണല്‍ ഡഗ്ലസും ലയിച്ചു. ഇവിടെയാണ് ബോയിങ് കമ്പനിയുടെ മുന്‍ഗണനകള്‍ മാറിത്തുടങ്ങിയത്.
തുടക്കം മുതല്‍ ബോയിങ്ങിന്റെ ശക്തി എന്‍ജിനീയറിങ്ങിലും ഡിസൈനിലും സാങ്കേതികരംഗത്തുമൊക്കെയുള്ള പ്രതിഭകളുടെ ധാരാളിത്തമായിരുന്നു. ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. മാനേജ്മെന്റിലുള്ളവരും എന്‍ജിനീയറിങ്, ഏറോനോട്ടിക്സ് പശ്ചാത്തലമുള്ളവരായിരുന്നു. അസംബ്ലിലൈനുകളില്‍ ഇറങ്ങി നടന്നാല്‍ ചെറിയ ചെറിയ പിഴവുകള്‍ പോലും കണ്ടെത്താനും ചൂണ്ടിക്കാട്ടാനും ശേഷിയുള്ളവര്‍. എന്നാല്‍ ഡഗ്ലസുമായുള്ള ലയനത്തോടെ സ്ഥിതി മാറി. കടലാസില്‍ മക്ഡണല്‍ ഡഗ്ലസിനെ ബോയിങ് വാങ്ങിയതാണെങ്കിലും നിര്‍ണായക പദവികളിലേക്ക് വന്നവരില്‍ കൂടുതലും ഡഗ്ലസ് ടീമായിരുന്നു. എന്‍ജിനീയറിങ്, ഏറോനോട്ടിക്കല്‍ പശ്ചാത്തലമോ പരിചയമോ ഇല്ലാതിരുന്ന ഇവര്‍ ചെലവിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ സമീപിച്ചുതുടങ്ങി. അതോടെ ഗുണനിലവാരത്തിന് നല്‍കിയിരുന്ന മുന്‍ഗണന പതിയെ കുറഞ്ഞുതുടങ്ങി.
എങ്ങനെയും ഉല്‍പ്പാദനം കൂട്ടുക, കൂടുതല്‍ പ്ലെയിനുകള്‍ വില്‍ക്കുക എന്ന നിലയിലേക്ക് ബോയിങ്ങിന്റെ പ്രവര്‍ത്തനരീതി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ വിമാനഘടകങ്ങള്‍ക്ക് സപ്ലയര്‍മാരെ ആശ്രയിച്ചുതുടങ്ങി. വിമാനങ്ങളുടെ അസംബ്ലി യൂണിറ്റായി ചുരുങ്ങുന്ന നിലയിലേക്കായിരുന്നു ബോയിങ്ങിന്റെ പോക്ക്. നിര്‍ണായക ഘടകങ്ങള്‍ നിര്‍മിച്ചിരുന്ന യൂണിറ്റുകള്‍ ഒഴിവാക്കി. തൊഴില്‍സമരത്തിന്റെ പേരില്‍ വിദഗ്ധ തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്ന വാഷിങ്ടണിലെ യൂണിറ്റ് നിര്‍ത്തലാക്കി. സമരത്തിന് വിലക്കുള്ള സൗത്ത് കാരലീനയിലെ യൂണിറ്റ് പ്രധാന അസംബ്ലിങ് കേന്ദ്രമാക്കി. പരിചയസമ്പത്തില്ലാത്ത ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും വച്ചാണ് പിന്നീട് വിമാനനിര്‍മാണവും അസംബ്ലിങ്ങും നടത്തിവന്നത്. അധികം വൈകാതെ പുതിയ ബോയിങ് വിമാനങ്ങളെക്കുറിച്ച് ലോകമെങ്ങും പരാതികള്‍ ഉയര്‍ന്നുതുടങ്ങി.
346 പേരുടെ ജീവനെടുത്ത 737 മാക്സ് 8 ദുരന്തങ്ങള്‍ വേണ്ടിവന്നു ഒടുവില്‍ ബോയിങ്ങിന്റെ യഥാര്‍ഥ അവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയാന്‍. എന്നിട്ടും പഠിച്ചില്ല എന്നതിന് തെളിവായി എയര്‍ അലാസ്ക സംഭവം. ഫ്യൂസിലേജിന്റെ ഒരു ഭാഗം ഇളകിപ്പോയ വിമാനത്തിന് രണ്ടുമാസം മാത്രമേ പഴക്കമുണ്ടായിരുന്നുള്ളു എന്നതാണ് ഏറ്റവും നടുക്കമുണ്ടാക്കുന്ന സംഗതി. പിന്നീട് നടത്തിയ പരിശോധനയില്‍ അനാസ്ഥയുടെ വലിയ തെളിവുകളാണ് പുറത്തുവന്നത്. പല ഘടകങ്ങളും വേണ്ട രീതിയില്‍ ഉറപ്പിക്കാത്തതോ അനുബന്ധഘടകങ്ങള്‍ നിലവാരമില്ലാത്തതോ ആണെന്ന് പ്രാഥമിക പരിശോധനയില്‍ത്തന്നെ തെളിഞ്ഞു. അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുന്നതും വലിയ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. നിലവാരത്തകര്‍ച്ച മറച്ചുവയ്ക്കാന്‍ ബോയിങ് അധികാരകേന്ദ്രങ്ങളില്‍ ലോബിയിങ് നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കേയാണ് എഫ്.എ.എ മൗനം തുടരുന്നത്.
ലാഭത്തിനുവേണ്ടിയുള്ള ബോയിങ്ങിന്റെ അമിതാവേശം നൂറ്റാണ്ടുനീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കമ്പനിയെ തള്ളിവിട്ടത്. 2018ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ കൂപ്പുകുത്തല്‍ എന്ന വിരോധാഭാസം കൂടിയുണ്ട്. കോവിഡ് കാലം വന്‍ തിരിച്ചടിയായി. ഒപ്പം വിമാനങ്ങളിലെ തുടര്‍ തകരാറുകള്‍ വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കി. കരാറുകള്‍ സമയത്ത് പൂര്‍ത്തിയാക്കാനും വിമാനങ്ങള്‍ കാലാവധിക്കുള്ളില്‍ ഡെലിവര്‍ ചെയ്യാനും കഴിയാതെ ബോയിങ് വിഷമിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബോയിങ് 528 വിമാനങ്ങള്‍ നിര്‍മിച്ച് കൈമാറിയപ്പോള്‍ മുഖ്യ എതിരാളികളായ എയര്‍ബസ് 735 വിമാനങ്ങളാണ് കൈമാറിയത്. 4.7 ബില്യന്‍ യൂറോയാണ് എയര്‍ബസിന്റെ ലാഭം. ബോയിങ്ങ് രേഖപ്പെടുത്തിയതാകട്ടെ 3.6 ബില്യന്‍ യൂറോയുടെ നഷ്ടവും.
ലാഭനഷ്ടക്കണക്കുകള്‍ എന്തായാലും നൂറുകണക്കിന് യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ജീവന്‍ നഷ്ടപ്പെടുത്തിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കി എന്ന കളങ്കം മായ്ക്കാന്‍ ബോയിങ്ങിന് എന്തുചെയ്യാന്‍ കഴിയും എന്നതാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. വീഴ്ചകള്‍ പരിഹരിക്കാന്‍ എത്ര വൈകുന്നോ അത്രയും ആഴത്തിലേക്കാകും ചരിത്രത്തിനൊപ്പം നടന്ന ഈ കമ്പനി പതിക്കുക. ഒരുപാട് ബോയിങ് വിമാനങ്ങള്‍ ലോകം മുഴുവന്‍ പറക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ അതിവേഗമുള്ള തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ‘ബോയിങ് ആണോ, എങ്കില്‍ ഞാനില്ല’ എന്ന വാചകമാകും ഇനി കേള്‍ക്കുക.
The story behind the fall of Boeing from the safest aircraft maker to a reputational disaster