valiban-shibu-dosa-30

മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബ'നെതിരെ നടന്നത് കടുത്ത ആക്രമണമെന്ന് നിര്‍മാതാവ് കൂടിയായ ഷിബു ബേബിജോണ്‍. സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് പ്രതികരണങ്ങളുണ്ടായതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ലിജോ ഒരു ദോശക്കല്ലില്‍ നിന്ന് നല്ല ദോശ ചുട്ടുകൊണ്ടിരിക്കുന്ന ആളാണ്. ആ ദോശക്കല്ലില്‍ നിന്ന് ഇഡ്ഡലി വേണമെന്ന് പറഞ്ഞു വന്നാല്‍ അത് പ്രതീക്ഷയര്‍പ്പിച്ചവരുടെ തെറ്റാണെന്ന് മാത്രമേയുള്ളു. സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ടില്ല എന്നു പറയുന്നതും  സിനിമയെ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്. പൗരബോധത്തില്‍ നിന്ന് ആ മര്യാദകളൊക്കെ ഓരോരുത്തരും ആര്‍ജച്ചെടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഒന്നര വര്‍ഷത്തോളം ലിജോ അനുഭവിച്ച സമ്മര്‍ദം താന്‍ കണ്ടതാണെന്നും മോശം പടമെടുക്കാനല്ല ആ സമ്മര്‍ദമത്രയും അനുഭവിച്ചതെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. ഡീഗ്രേഡിങിന് പിന്നില്‍ മമ്മൂട്ടി–മോഹന്‍ലാല്‍ ആരാധകരാണെന്ന് കരുതുന്നില്ല. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചടുത്തോളം മമ്മൂട്ടി നടത്തുന്ന പരീക്ഷണങ്ങളെ സ്വീകരിക്കുന്നവരാകുമ്പോള്‍, മോഹന്‍ലാലിന്‍റെ ആരാധകര്‍ അദ്ദേഹം ഒരു പ്രത്യേക തരം വേഷത്തിലേക്ക് മാത്രം പരിമിതപ്പെടണമെന്ന് ആഗ്രഹിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്‍പത് വര്‍ഷത്തോളമായി തനിക്ക് മോഹന്‍ലാലിനെ അറിയാമെന്നും ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും തന്നോടോ, തന്‍റെ സാന്നിധ്യത്തിലോ മമ്മൂട്ടിയെ കുറിച്ച് മോശം പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ ആ ബഹുമാനം ഉണ്ടെന്നും അത് മനസിലാക്കാതെ പെരുമാറുന്ന ആരാധകരുണ്ടെങ്കില്‍ അത് വിഡിഡിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

രാഷ്ട്രീയത്തിലെ ഡീഗ്രേഡിങ് പരിചയമുണ്ട്. എന്നാല്‍ സിനിമയിലും അതുണ്ടെന്ന് മനസിലാക്കിയതില്‍ ബുദ്ധിമുട്ടുണ്ട്. ആദ്യ ദിവസത്തെ റിവ്യൂ ബോംബിങിന് ശേഷം ആ അഭിപ്രായം മാറി നല്ല സിനിമയെന്ന് അഭിപ്രായം വന്നില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിവ്യൂ ബോംബിങ് നിയമം കൊണ്ട് തടയാനാവില്ല. അഭിപ്രായയങ്ങള്‍ പറയാനുള്ളതാണെന്നാണ് വിശ്വാസം. എന്നാല്‍ വ്യക്തികള്‍ സ്വയം മനസിലാക്കി പെരുമാറേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Don't expect iddly from dosa pan; Shibu Baby John on review bombing, Malaikottai Vaaliban