TAGS

ഇന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ദിനം. വാര്‍ത്തയറിയാന്‍ പത്രം വായിച്ച് തുടങ്ങിയിട്ട് 244 വര്‍ഷം. ഇന്ത്യയുടെ പത്ര പാരമ്പര്യം രണ്ടര നൂറ്റാണ്ടിനോട് അടുക്കുന്നു. 

 

കാലമേറെയായി ഈ ശീലം തുടങ്ങിയിട്ട്. ചൂട് ചായയും കാപ്പിയും നുണയുന്നതിനൊപ്പം ചൂടേറിയ വാര്‍ത്തകളും. മാധ്യമ മേഖലയില്‍ മാറ്റങ്ങള്‍ ഒട്ടേറെയുണ്ടായെങ്കിലും ഈ ശീലത്തിന് മാത്രം കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് സത്യം. 1780 ലാണ് ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ആദ്യത്തെ പത്രമായ  ബംഗാള്‍ ഗസറ്റ് അഥവാ കല്‍ക്കട്ട ജനറല്‍ അഡ്വൈസര്‍ എന്ന വാരാന്ത്യപത്രം  പുറത്തിറങ്ങുന്നത്. അയര്‍ലന്‍ഡുകാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു സ്ഥാപകന്‍. പീറ്റര്‍ റീഡും മെസര്‍ ബി മെസിക്കും ചേര്‍ന്ന് പ്രസീദ്ധീകരിച്ച  ഇന്ത്യന്‍ ഗസറ്റായിരുന്നു  രണ്ടാമത്തെ പത്രം . ഇവ രണ്ടും ഇംഗ്ലീഷിലായിരുന്നു. രാജാറാം മോഹന്‍ റോയിയുടെ ബംഗാളി  പത്രമായ  സംവാദ് കൗമുദിയാണ് ഒരിന്ത്യക്കാരന്‍ ആരംഭിച്ച ആദ്യ പത്രം. 1847 ല്‍  ഹര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ  രാജ്യസമാചാരത്തിലൂടെ മലയാളത്തിലും വാര്‍ത്തകളുടെ അച്ചുകള്‍ നിരന്നു.   

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഏകദേശം 200 ദിനപത്രങ്ങള്‍ രാജ്യത്തുണ്ടായിരുന്നെന്നാണ് കണക്ക്. നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ 4 മലയാള ദിനപത്രങ്ങളുണ്ട്.   ദീപിക, മലയാള മനോരമ , കേരള കൗമുദി, മാതൃഭൂമി . നിലവില്‍  ഏതാണ്ട് ഒന്നരലക്ഷത്തോളം റജിസ്ട്രേഡ് ദിനപ്പത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഹിന്ദി ദിനപ്പത്രമായ ദൈനിക് ജാഗരണാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പത്രം. കോവിഡും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുകയറ്റവും ദിനപത്രങ്ങളുടെ സാധ്യതയെ കുറക്കുമെന്ന  പ്രവചനങ്ങള്‍ ഉണ്ടായെങ്കിലും അതിനെ മറികടക്കുന്നതാണ് കണക്കുകള്‍ നല്‍കുന്ന സൂചന . രാജ്യത്തെ ദിനപ്പത്രങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 244 ബില്യണ്‍ രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.