കാസറ്റുകൾ എന്നും ഗൃഹതുരത്വം ഉണർത്തുന്ന ഓർമയാണ്. പുതിയ സിനിമ ഗാനങ്ങളുടെയും ആൽബങ്ങളുടെയും കാസറ്റുകൾ പുറത്തിറങ്ങുന്നതിനായി കാത്തിരുന്നൊരു കാലമുണ്ട്. പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ എല്ലാവരും ഒഴിവാക്കിയ കാസറ്റുകൾ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയാണ് വണ്ണപ്പുറം സ്വദേശി സുനിൽ.
ഈ കാലത്തെ കുട്ടികളെ ഈ കാസറ്റുകൾ കാണിച്ചാൽ അവർക്കിതൊരു കളിപ്പാട്ടമായി തോന്നിയേക്കാം. അത്രകണ്ട് അപരിചിതമാണ് പുതിയ തലമുറയ്ക്കിവ. എന്നാൽ കാസറ്റ് കൂട്ടങ്ങൾ സംഗീത നിധി ശേഖരങ്ങളായിരുന്നൊരു കാലമുണ്ട്. കൂടുതൽ കാസറ്റുകൾ കൈവശമുണ്ടായിരുന്നവരുടെ പത്രാസൊന്ന് വേറെയായിരുന്നു. ഈ ചെറു ചതുരപ്പെട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സംഗീതത്തെ വണ്ണപ്പുറം സ്വദേശി സുനിൽ കൂടെ കൂട്ടിയിട്ട് മൂന്നുപതിറ്റാണ്ടായി. അച്ഛന്റെ ഹൃദയത്തിലും വിരലുകളിമൂറിയ സംഗീതമാണ് സുനിലിലേക്കെത്തിയത്. കാസറ്റുകൾ തേടി പലരും സുനിലിന്റെ കടയിലേക്ക് ഇപ്പോഴുമെത്താറുണ്ട്. അവർക്ക് വേണ്ടി കഴിഞ്ഞു പോയൊരു കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ഈ ഈണങ്ങളിങ്ങനെ ഇവിടെ മുഴങ്ങിക്കൊണ്ടേയിരിക്കും.
Man who loves cassettes to listen music