samsung-24

ഗാഡ്ജെറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എസ് 24 സീരീസ് ഔദ്യോഗികമായി പുറത്തിറക്കി സാംസങ്. ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവന്റിൽ പുറത്തിറക്കിയത്. മികച്ച ക്യാമറ, ഡിസ്പ്ലേ എന്നിവയ്ക്ക് പുറമേ എഐ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ഫോണുകളുടെ വരവ്. ഇനി മുതല്‍ ഗൂഗിളിന്റെ ജനറേറ്റീവ് AI മോഡലായ ജെമിനിയുടെ പിന്തുണയോടെ എസ് 24 സീരീസ് ഫോണുകള്‍ പ്രവര്‍ത്തിക്കും. 

 

ലൈവ് ട്രാന്‍സിലേറ്റ്, നോട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകള്‍ എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കും. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും മൂന്ന് മോഡലുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 3 പരിരക്ഷ നല്‍കിയിട്ടുണ്ട്. .ആൻഡ്രോയിഡ് 14 അടിസ്ഥാനപ്പെടുത്തിയുള്ള  OneUI 6.1ൽ ആയിരിക്കും മൂന്ന് ഫോണുകളും പ്രവർത്തിക്കുന്നത്.

 

എസ് 24 അള്‍ട്രാ

 

ക്യാമറയുടെയും പെര്‍ഫോമന്‍സിന്‍റെയും കാര്യത്തില്‍ എസ് സീരീസ് ഫോണുകള്‍ നിരാശപ്പെടുത്താറില്ല. മികച്ച സൂമിങ്ങ് കൊണ്ടും, ഇമേജ് ക്വാളിറ്റി കൊണ്ടും പേരുകേട്ട അള്‍ട്രാ മോഡല്‍ ഫോണുകളില്‍ നിന്നും ഒരുപടി കൂടി മുന്നിലാണ് എസ് 24 അള്‍ട്രാ. 200മെഗാ പിക്സല്‍ മെയിന്‍ ക്യാമറ,10 മെഗാ പിക്സല്‍ ടെലിഫോട്ടോ ക്യാമറ,  12 മെഗാ പിക്സല്‍ അള്‍ട്രാവൈഡ് ക്യാമറ, എന്നിവയ്ക്ക് പുറമേ 50 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറയും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡൈനാമിക് ആമോലെഡ് ഡിസ്പ്ലേയാണ് എസ് 24 അള്‍ട്രായ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എന്ന മികച്ച ചിപ്പ്സെറ്റിന്‍റെ പിന്തുണ കൂടിയാകുന്നതോടെ ഫോണിന്‍റെ പെര്‍ഫോമന്‍സ് വേറെ ലെവലാകുമെന്ന് ഉറപ്പ്. സ്റ്റൈലസ് പെന്‍,  45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 mAh ബാറ്ററി, വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് പവര്‍ഷെയര്‍ എന്നീ ഫീച്ചറുകളും ഫോണിനെ വ്യത്യസ്തമാക്കുന്നു. 12ജിബി റാം ആണ് അടിസ്ഥാന വേരിയന്‍റില്‍ തന്നെ നല്‍കിയിരിക്കുന്നത്. 256ജിബി, 512 ജിബി, 1ടിബി എന്നിങ്ങനെയാണ് മെമ്മറി ഓപ്ഷനുകള്‍.  12ജിബി+ 256ജിബി അടിസ്ഥാന വേരിയന്‍റിന് 1,29,999 രൂപയും, 12ജിബി+ 512ജിബി വേരിയന്‍റിന് 1,39,999 രൂപയും, 12ജിബി+ 1ടിബി വേരിയന്‍റിന് 1,59,999 രൂപയുമാണ് വില. 

 

എസ് 24, എസ് 24 പ്ലസ്

 

എസ് 24ന് 6.2 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‍പ്ലേയും, എസ് 24 പ്ലസിന് 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ്  ഡിസ്‍പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക് ബ്രൈറ്റ്നസമുള്ള മികച്ച ഡിസ്‍പ്ലേയാണ് ഇരു മോഡലുകളിലും സജ്ജീകരിച്ചിരിക്കുന്നത്. 12 എംപി സെല്‍ഫി ക്യാമറ,  50 എംപി മെയിന്‍  ക്യാമറ, 3x വരെ ഒപ്റ്റിക്കല്‍ സൂമിങ്ങുള്ള 10 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാവൈഡ് ലെൻസ് എന്നിവയാണ് ഇരു മോഡലുകളുടെയും ക്യാമറ സെറ്റപ്പ്. ആഗോള മാര്‍ക്കറ്റില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറോടെയാണ് ഇരുമോഡലുകളും  അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയില്‍ എക്സിനോസ് പ്രൊസസറാകും  ലഭ്യമാകുക എന്നാണ് സൂചനകള്‍. 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ്,  25വാട്ട് വയേര്‍ഡ് ചാര്‍ജിങ്ങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 4000mAh ബാറ്ററിയാണ് എസ്24ല്‍  സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4900mAh ബാറ്ററിയാണ് എസ്24 പ്ലസിന് നല്‍കിയിരിക്കുന്നത്. 

 

എസ് 24ന്‍റെ  8ജിബി + 256ജിബി വേരിയന്‍റിന് 79,999രൂപയും, 8ജിബി + 512ജിബി പതിപ്പിന് 89,999 രൂപയുമാണ് വില. എസ് 24 പ്ലസിന്‍റെ 12ജിബി+ 256ജിബി പതിപ്പിന്  99,999 രൂപയാണ് വില. 1,09,999 രൂപയ്ക്ക്  12ജിബി + 512ജിബി പതിപ്പും സ്വന്തമാക്കാം.

 

 

samsung s24 series price and specifications