ooty-trip

 

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ ട്രെന്‍ഡിംങ്. ട്രോളുകളായും റീലുകളായും ട്രാവല്‍ വിഡിയോകളായുമെല്ലാം ഈ ഊട്ടിയാത്ര വൈറലായി. സോഷ്യല്‍ ലോകം ഏറ്റെടുത്തതോടെ ആ വാക്കുകള്‍ ആരുടേതാണെന്ന ചര്‍ച്ചകളുമെത്തി. അസ്ലം ഓ എം എന്ന കണ്ണൂര്‍കാരന്‍റെ വാക്കുകളാണ് വൈറലാകുന്നത്. 2022 ഡിസംബറില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. 

 

 

‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സപീരിയന്‍സാണ്’ എന്നായിരുന്നു അസ്ലത്തിന്‍റെ വാക്കുകള്‍. ‘37 ഹെയർപിൻ ഉള്ള മസിനഗുഡി ചുരം കേറാൻ പോകുകയാണ്. അടിപൊളി ക്ലൈമറ്റാണ്. കാഴ്ചകൾ കണ്ട് നേരെ ഊട്ടിയിലേക്ക്. മസിനഗുഡി വഴി നേരെ ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സപീരിയൻസാണ്. ഊട്ടി അഥവാ ഉദകമണ്ഡലം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ് നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. റോ‍ഡ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട റൂട്ടാണ് മസിനഗുഡി വഴി ഊട്ടി. മസിനഗുഡിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ 36 ഹെയർപിൻ പിന്നിട്ട് കല്ലട്ടി ചുരം വഴി ‘ക്യൂൻ ഓഫ് ഹിൽസ്റ്റേഷൻ’ എന്നറിയപ്പെടുന്ന ഊട്ടിയിൽ എത്തിച്ചേരാൻ പറ്റും. കേരളത്തിൽ നിന്നു വരുന്നവരാണെങ്കിൽ ബന്ദിപ്പൂർ മുതുമല വഴി മസിനഗുഡി  വഴി ഊട്ടി അത് വല്ലാത്തൊരു എക്സ്പീരിയൻസാണ്. ഏറെ അപകടം നിറഞ്ഞ യാത്ര ആയതുകൊണ്ടു തന്നെ ഊട്ടിയിലേക്കു വൺ സൈഡ് ട്രാഫിക്കാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.’

യാത്രയുടെ ദൃശ്യങ്ങളോടൊപ്പം ഈ ചെറുവിവരണവും ഉള്‍പ്പെടുത്തി പങ്കുവെച്ച റീല്‍ വൈറലാകുകയായിരുന്നു. മസിനഗുഡി വഴി ഊട്ടിയിലേക്ക് എന്ന പേരില്‍ നിരവധി വിഡിയോകളാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഒറിജിനല്‍ വേര്‍ഷന്‍ തിരഞ്ഞ സോഷ്യല്‍ ലോകം അസ്ലം ഓ എം എന്ന ട്രാവല്‍ വ്ലേഗറുടേതാണ് വിഡിയോ എന്ന് കണ്ടെത്തുക്കുകയായിരുന്നു. നിരവധി പേരാണ് അസ്ലമിന്‍റെ വിഡിയോയ്ക്ക് കമന്‍റുകളുമായെത്തുന്നത്. 

 

ഈ വിഡിയോ വൈറലായതിന് പിന്നാലെ ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടവരും ചെറുതല്ല. യാത്ര പോകാന്‍ കഴിയാത്തവരാകട്ടെ ഗ്രാഫിക്സ് വര്‍ക്ക് ചെയ്ത് ‌ഹെലികോപ്റ്ററിലും വിമാനത്തിലും വരെ യാത്ര ചെയ്യുന്ന രസകരമായ വിഡിയോകളുമായെത്തി. മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര ഇതോടെ മലയാളികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. 

 

Masinagudi to ooty travel video is trending on social media