വായന കൊണ്ടുപോകുന്ന വലിയ ലോകങ്ങളെക്കുറിച്ചും പുനർവായ നൽകുന്ന സ്വയം നവീകരണത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ പറഞ്ഞ് കഥാകൃത്തും സംവിധായകനും നടനുമായ മധുപാല്‍. പോയ കാലത്തെക്കുറിച്ചുള്ള പുനർവായനകൾ അവനവനെ തന്നെ പരിഷ്കരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് മധുപാലിന്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ ഒരുവർഷം അദ്ദേഹത്തിന് പുനർവായനകളുടേതായിരുന്നു:
‘കഴിഞ്ഞ കുറച്ചുകാലമായി ഞാൻ അമ്മയ്ക്ക് പുസ്തകം എടുത്തുകൊടുക്കാറുണ്ട്. ഏറ്റവും പുതിയ പുസ്തകങ്ങൾ വരെ എടുത്തുകൊടുക്കും. പുതിയ എഴുത്തുകാരുടെ അടക്കം പുസ്തകങ്ങൾ കൊടുക്കാറുണ്ട്. അമ്മ എല്ലാ പുസ്തകവും വായിക്കും. ഞാൻ വായിക്കുന്ന എല്ലാ പുസ്തകവും അമ്മയും വായിക്കും. അങ്ങനെ വായിക്കുമ്പോൾ അമ്മ പറഞ്ഞു. എസ്.കെ പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും എം.ടി വാസുദേവൻ നായരും മാധവിക്കുട്ടിയും ഒക്കെ തന്നെയാണ് ഇപ്പോഴും അമ്മയുടെ താൽപ്പര്യത്തിൽ ഏറ്റവും വരുന്നത്. ആ പുസ്തകങ്ങൾ എനിക്ക് വീണ്ടും വായിക്കണം എന്നും അമ്മ എന്നോട് പറഞ്ഞു. പുതിയ ബുക്കുകളും വായിക്കേണ്ടതല്ലേ അമ്മേ എന്ന് ഞാൻ ചോദിച്ചു. പുതിയ പുസ്തകങ്ങളും വായിക്കുന്നുണ്ട്. പക്ഷേ മുന്നോട്ട് നീങ്ങാൻ എന്നെ വീണ്ടും പ്രേരിപ്പിക്കുന്നത് പഴയ പുസ്തകങ്ങൾ തന്നെയാണ് എന്നായിരുന്നു അമ്മയുടെ മറുപടി. എന്റെ ഈയൊരു പ്രായത്തിലേക്ക് എത്തിയപ്പോൾ അമ്മയ്ക്ക് കൊടുക്കുന്ന അതേ പഴയ പുസ്തകങ്ങൾ ഞാനും വീണ്ടും വായിക്കുന്നു. പഴയ രചനകളുടെ ഒരു ഗുണം ഈ കാലഘട്ടത്തിലും റിലവെന്റായി വിഷയങ്ങൾ അതിലുണ്ട് എന്നതാണ്. ‘വിഷകന്യക’ പോലെയുള്ള കുടിയേറ്റ കഥകളൊക്കെ വരുമ്പോൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളുണ്ട് അതിൽ. തന്നെയുമല്ല സ്കൂൾ കാലങ്ങളിലും കോളജ് കാലങ്ങളിലും വായിച്ചവരെ വീണ്ടും വായിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖവും ഉണ്ടായിരുന്നു അതിൽ.’
എസ്കെ പൊറ്റെക്കാട്ടിനെ മുഴുവനായും വീണ്ടും വായിച്ചു തീർത്തു പോയ വർഷം മധുപാൽ. അടുത്ത കാലത്ത് വായിച്ച പുസ്തകങ്ങളിൽ മധുപാലിനെ ഏറ്റവും ആകർഷിച്ചതും കയ്യിൽ കിട്ടിയപ്പോൾ മുതൽ രണ്ടോ മൂന്നോ വട്ടം വായിച്ചതുമായ പുസ്തകം സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കുന്ന മുറിവുകൾ’ ആണ്. ‘‘ആറ് രാജ്യങ്ങളിൽ നിന്നുള്ള ആറ് സ്ത്രീകളെക്കുറിച്ചുള്ള ഒരെഴുത്താണത്. അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ഇത്രമാത്രം കൃത്യമായി എങ്ങനെയാണ് ഇങ്ങനെ എഴുതിയതെന്ന് ചിന്തിച്ചുപോയി. അതിൽ തന്നെ ശ്രീലങ്കയിലെ വംശീയയുദ്ധം നടക്കുന്ന കാലത്തെ ജീവലത എന്ന ഒരു സ്ത്രീയുടെ കഥ. അതൊക്കെ സത്യസന്ധതയുള്ള മനുഷ്യരുടെ ജീവിതം കാണിച്ചുതരുന്നതാണ്. അത് വായിച്ചുകഴിഞ്ഞപ്പോൾ സിനിമയുടെ സബ്ജക്ടാക്കാം എന്നുപോലും തോന്നി. ഒരു വല്ലാത്ത ജീവിതം അതിലുണ്ട്. അതിൽ പറയുന്നുണ്ട്, ‘ചരിത്രത്തിൽ ഒരിക്കലും തുടച്ചുനീക്കപ്പെടാതെ ബാക്കിയാകുന്നത് ഒന്നുമാത്രമാണ്, അത് യുദ്ധം കൊണ്ടുണ്ടാകുന്ന മുറിവുകളാണ്’ എന്ന്. എത്രമാത്രം ശരിയാണത്. സാറാ ജോസഫിന്റെ ‘കറ’ വായിച്ചപ്പോൾ മനുഷ്യ ജീവിതത്തിലെ പല തരത്തിലുള്ള കറകളെക്കുറിച്ചായിരുന്നു ചിന്ത. പല തരത്തിലുള്ള ജീവിതം ഉണ്ട് എന്ന തോന്നലിലേക്കാണ് പോയത്. എല്ലാം ഒന്നുപോലെയല്ല എന്നതാണ് ശരിക്കുമുള്ള സത്യം.’’
അനുഭവകഥകളുടെ പകർപ്പെഴുത്തുകൾ പുതിയ കാലത്ത് വലിയ തോതിൽ വായിക്കപ്പെടുന്നുണ്ടെന്നും മധുപാൽ നിരീക്ഷിക്കുന്നു, ആത്മകഥകളെക്കാൾ കൂടുതൽ മറ്റൊരാളുടെ ജീവിതം പകർത്തിയെഴുതുന്ന തരം എഴുത്തുകൾ കൂടുതലായും വരുന്നുണ്ട്. നോവലുകളിലും ചെറുകഥകളിലും പോലും അന്യന്റെ ജീവിതം പകർത്തിവയ്ക്കുന്ന എഴുത്തുകൾ ഉണ്ടാകുന്നു. ഈ വർഷം വായിച്ച പി എഫ് മാത്യൂസിന്റെ കടലിന്റെ മണം എന്ന നോവലിലെ ജീവിതത്തെക്കുറിച്ചുള്ള പറച്ചിലും മധുപാൽ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. ‘‘ഇതൊക്കെ ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ വേറൊരു തലമാണ്. ഇതേ രീതി തന്നെയാണ് പണ്ട് എസ്.കെ.പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ ചെയ്തിട്ടുള്ളത്. അതുപോലെ പുനർവായനയിൽ വന്നവയാണ് ഉറൂബിന്റെ ഉമ്മാച്ചുവും സുന്ദരികളും സുന്ദരൻമാരും രാച്ചിയമ്മയുമൊക്കെ.’’
പുനർവായ ആവശ്യമാണ് എന്ന് തോന്നിയ ഒരു കാലം കൂടിയായിരുന്നു കടന്നുപോയത് എന്ന് ഊന്നിപ്പറയുന്നു മധുപാൽ. വായിക്കാൻ ബാക്കിയായവ അതിലേറെയെന്ന് കൂട്ടിച്ചേർക്കുന്നു അദ്ദേഹം. യാത്രകൾക്കിടയിൽ വീട്ടിലാണെങ്കിൽ രാവിലെയുമാണ് വായന. എന്നാൽ മൊബൈലിലോ ഇ ബുക്കിലോ വായിച്ചാൽ തൃപ്തി കിട്ടാറില്ല. പുസ്തകം വായിച്ചാലേ സമാധാനമാകാറുള്ളൂ മധുപാലിലെ പുസ്തകപ്രേമിക്ക്.