‘അടിപൊളി സ്ഥലം, നല്ല അന്തരീക്ഷം, സൗഹൃദപരമായ സ്റ്റാഫുകള്‍, ഒരിക്കലും ബോറടിക്കില്ല, എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം’ അവധിക്കാലത്തു പോകാന്‍ പറ്റിയ വിനോദസഞ്ചാരമേഖലയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഒരു വിദ്വാന്‍ അതും നാലു തവണ ആലങ്ങാട് പൊലീസിന്റെ പിടിയിലായ യുവാവ്, പൊലീസ് സ്റ്റേഷനെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ നല്‍കിയ അഭിപ്രായമാണിത്.
വൈശാഖ് എന്ന ആലങ്ങാട് സ്വദേശിയായ യുവാവ് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ കമന്റാണിത്. മൂന്ന് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത കമന്റ് ഈ അടുത്ത കാലത്ത് ആരോ കുത്തിപ്പൊക്കിയതിനെത്തുടര്‍ന്ന് വൈറലായി. ഇതുവരെ ഈ കമന്റിന് 26,516 ലൈക്കുകള്‍ കിട്ടി. ഹെല്‍മറ്റില്ലാത്തതിനും ലൈസന്‍സ് ഇല്ലാത്തതിനും, മദ്യപിച്ച് വണ്ടിയോടിച്ചതിനും, മാസ്ക് ഇല്ലാത്തതിനുമാണ് ഈ യുവാവ് നാലുതവണ ആലങ്ങാട് പൊലീസിന്റെ പിടിയിലാകുന്നത്. ആ നാലുതവണയും തനിക്കുണ്ടായ അനുഭവമാണ് യുവാവ് ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തിരിക്കുന്നത്. വൈശാഖിന്റെ ഈ കമന്റ് തങ്ങള്‍ക്കും പോസിറ്റീവായി തോന്നിയെന്ന് ആലങ്ങാട് പൊലീസും പറയുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി അഭിപ്രായത്തിന്റെ സ്ക്രീന്‍ ഷോട്ട് വൈറലായി പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ മാപ്പില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനു താഴെയുള്ള ഈ കമന്റ് അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങളല്ല പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും വ്യക്തമാക്കുന്നു ആലങ്ങാട് പൊലീസ്.
Man comment about Alangad police station on Google Map ,goes viral