ആശങ്കയും അദ്ഭുതവും നിറച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. ചോദ്യങ്ങളോ സംശയങ്ങളോ നല്‍കിയാല്‍ ഞൊടിയിടയില്‍ മറുപടി നല്‍കി ചാറ്റ് ജിപിടി. വ്യാജനേത് ഒറിജിനല്‍ ഏത് എന്ന് സംശയിപ്പിച്ച് ഡീപ് ഫെയ്ക്ക്. അതേ, 2023 ടെക് ലോകത്തിന് നല്‍കിയത് ഏറെ വളര്‍ച്ചയുടെ, ഒപ്പം അല്‍പം ആശങ്കയുടെയും നാളുകളാണ്.
നിര്‍മിത ബുദ്ധി തന്നെയാണ് ഈ വര്‍ഷത്തെയും താരം. എഐയെക്കുറിച്ച് അമിതാവേശം പുലര്‍ത്തിയിരുന്നവര്‍ വരെ വര്‍ഷാവസാനം ആയപ്പോഴേക്ക് ആശങ്കയിലാണ്. ഇങ്ങനെ 2023ല്‍ ചര്‍ച്ചയായ, നിര്‍ണായകമായ സാങ്കേതിക വിദ്യകളിലേക്ക് കണ്ണോടിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയും
ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ സാധ്യതകൾ. റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതും പല സിനിമകളിലും കണ്ടിട്ടുണ്ടാകും. അതേ വഴിയിലാണ് ഇന്നു ലോകം മുന്നോട്ടു പോകുന്നത്. മുമ്പെങ്ങും ലഭ്യമല്ലാതിരുന്ന സാധ്യതകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുറന്നിട്ടത്. ഏകദേശം ഒരു വര്‍ഷം മുമ്പ് മുഖ്യധാരയിലേക്കെത്തിയ എഐയുടെ വളര്‍ച്ചയാണ് 2023 ല്‍ കണ്ടത്. ഒപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകള്‍ ഈ വളര്‍ച്ചയ്ക്ക് വലിയ കരുത്തായി.
മനുഷ്യജീവിതത്തിന്‍റെ സകലമേഖലയിലേക്കും എ.ഐ.യ്ക്ക് കടന്നുചെല്ലാനാവുമെന്ന് ഇതിനകം തിരിച്ചറിഞ്ഞതാണ്. സാമ്പത്തികരംഗംമുതൽ ആരോഗ്യരംഗത്തുവരെ എഐ വിപ്ലവം സൃഷ്ടിക്കുന്നു. ദൈനംദിനജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം പ്രയോജനകരം ആകുമെന്നതിന്‍റെ ഉദാഹരണമാണ് ചാറ്റ് ജി.പി.ടി പോലുള്ളവ. ഒാപ്പണ്‍എഐയുടെ ചാറ്റ് ജിപിടിയുടെ മുന്നില്‍ ഇന്റര്‍നെറ്റ് സേര്‍ച്ച് ഭീമന്‍ ഗൂഗിള്‍ പോലും ഒരുവേള പതറി. പിന്നാലെ ബാര്‍ഡ് ഗൂഗിള്‍ അവതരിപ്പിച്ചു.
ഡീപ്ഫെയ്ക്കും ആശങ്കയും
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സെന്ന അദ്ഭുതത്തെ ഒരുവേള ആശങ്കയിലേക്ക് തള്ളിയിട്ടായിരുന്നു ഡീപ് ഫെയ്ക്കിന്‍റെ വളര്‍ച്ച. വര്‍ച്വല്‍ ലോകത്ത് ആര്‍ക്കും ആരുടേയും അപരനെ സൃഷ്ടിക്കാം എന്നതുതന്നെയായിരുന്നു ആശങ്കയായത്. 2018 മുതല്‍ ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗത്തിലുണ്ട്. പക്ഷേ ചാറ്റ് ജി.പി.ടിയും ബാര്‍ഡുമടക്കം ചാറ്റ് ബോട്ടുകള്‍ പ്രചാരത്തിലായപ്പോഴാണ് ഡീപ് ഫെയ്ക്ക് ഉപയോഗം വര്‍ധിച്ചത് എന്നുമാത്രം. ആരെക്കുറിച്ചും വ്യാജ വിഡിയോ താരതമ്യേന എളുപ്പം സൃഷ്ടിക്കാമെന്നതാണ് ഈ വര്‍ഷം ടെക്‌നോളജി ആര്‍ജ്ജിച്ച പേടിപ്പെടുത്തുന്ന ശേഷികളിലൊന്ന്. നടി രശ്മിക മന്ദാനയും മറ്റും പലരും ഇതിന്റെ ഇരയായപ്പോള്‍ രാജ്യമാകെ പകച്ചുനിന്നു.
ട്വിറ്ററിനോട് മസ്ക് ചെയ്തത്
സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്റെ ട്വീറ്റുകളും വിവാദങ്ങളും കൊണ്ട് ടെക് ചർച്ചകളിൽ ആധിപത്യം സ്ഥാപിച്ച വര്‍ഷമാണ് 2023. 2022 ഒക്ടോബറിലാണ് സോഷ്യല്‍ മീഡിയ സേവനമായ ട്വിറ്റര്‍ മസ്ക് ഏറ്റെടുത്തത്. പിന്നാലെ ട്വിറ്റര്‍ എന്ന പേരു പോലും മാറ്റി എക്‌സ് ആയി. ട്വിറ്ററിന്റെ വിഖ്യാതമായ കുരുവിയുടെ ലോഗോക്ക് പകരം എക്‌സ് എന്ന അക്ഷരം കൊണ്ടുള്ള ലോഗോയും എത്തി. മസ്‌ക് ട്വിറ്ററിലെത്തിയ ശേഷം വലിയ തോതിലുള്ള അഴിച്ചുപണിയാണ് ജീവനക്കാരുടെ കാര്യത്തിലടക്കം ഉണ്ടായത്. അക്കൗണ്ട് ഉടമകള്‍ക്ക് പരമാവധി കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലും മസ്‌ക് നിയന്ത്രണം വരുത്തി.
എക്സിനെ വെല്ലുവിളിച്ച് മെറ്റ
ട്വിറ്റര്‍ മാറി എക്സായതോടെ ഫെയ്സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തങ്ങളുടെ പ്രൊജക്ട് 92 പദ്ധതി ത്രെഡ്സ് എന്ന േപരില്‍ അവതരിപ്പിച്ചു. ഇന്‍സ്റ്റഗ്രാമുമായി സഹകരിച്ചാണ് ത്രെഡ്‌സ് പ്രവര്‍ത്തിപ്പിച്ചത്. തുടക്കത്തില്‍ ചാറ്റ്ജിപിറ്റിയെ പോലും മറികടന്ന വളര്‍ച്ച കാണിച്ച ത്രെഡ്‌സിന് ജൂലൈ 11ന് 105 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ ലഭിച്ചു. എന്നാല്‍, ഓഗസ്റ്റ് പകുതിയായപ്പോള്‍ ഇതില്‍ 80 ശതമാനം പേരും ഈ സേവനം ഉപയോഗിക്കുന്നതു നിർത്തിയെന്നും കണക്കുകള്‍ പറയുന്നു.
അതിവേഗം 5 ജി വളര്‍ച്ച
ഇന്ത്യയില്‍ 5ജി ആരംഭിച്ചത് 2022 ഒക്ടോബര്‍ ഒന്നിനാണ്. 5 ജി നെറ്റ്‌വര്‍ക്കിന്‍റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയ്ക്കാണ് 2023 സാക്ഷിയായത്. റിലയന്‍സ് ജിയോയുടെയും എയര്‍ടെലിന്റെയും നേതൃത്വത്തിലാണ് രാജ്യം 5 ജിയുടെ കുടക്കീഴിലാക്കുന്നത്. ഇരു കമ്പനികളും ഇപ്പോള്‍ ഏകദേശം 10,000 നഗരങ്ങളില്‍ 5ജി എത്തിച്ചുകഴിഞ്ഞു. ജിയോയുടെ ട്രൂ 5ജി, എയര്‍ടെല്ലിന്റെ 5ജി പ്ലസ് നെറ്റ്‌വര്‍ക്കുകളാണ് അതിവേഗ നെറ്റ് പ്രചരിപ്പിക്കുന്നത്. ആഗോള തലത്തില്‍ 2028 ആകുമ്പോഴേക്ക് ഏകദേശം 300 ദശലക്ഷം 5ജി കണക്‌ഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രവചനം.
ഐഫോണുകളും ടൈപ്പ് സി ചാര്‍ജറുകളും
സ്വന്തമായി നിര്‍മിച്ച ലൈറ്റ്‌നിങ് കേബിളുകളാണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ ആപ്പിള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2023 ല്‍ ആപ്പിള്‍ ലൈറ്റ്‌നിങ് കേബിള്‍ ഒഴിവാക്കി ടൈപ്പ് സിയിലേക്ക് മാറാന്‍ തീരുമാനിച്ചു. പക്ഷെ കമ്പനി സ്വമേധയാ എടുത്ത തീരുമാനമല്ല ഇത്. അതിന് നിര്‍ബന്ധിതരാവുകയായിരുന്നു. എല്ലാ പുതിയ ഫോണുകളിലും യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് കേബിള്‍ ആയിരിക്കണം എന്ന യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയമത്തിന്‍റെ ഭാഗമായിരുന്നു ഈ മാറ്റം. തുടക്കത്തില്‍ എതിര്‍ത്തെങ്കിലും പിന്നീട് ആപ്പിള്‍ യൂറോപ്പിന് വഴങ്ങുകയായിരുന്നു. നിയമത്തിന് വഴങ്ങാതെ വേറെ വഴിയില്ല എന്നാണ് ആപ്പിള്‍ ഇതിനോട് പ്രതികരിച്ചത്.
ഇനിയും ഒട്ടേറെ മാറ്റങ്ങളാണ് 2023 ല്‍ സാങ്കേതിക ലോകത്തുണ്ടായത്. അതില്‍ ചിലതാണ് ഈ പറഞ്ഞതൊക്കെയും. വരും വര്‍ഷവും സാക്ഷ്യം വഹിക്കുക അമ്പരപ്പിക്കുന്ന കുതിപ്പുകള്‍ക്കും മാറ്റങ്ങള്‍ക്കുകും എന്നുറപ്പ്. എഐയും അനുബന്ധലോകവും എന്തെല്ലാമാകും കാത്തുവച്ചത് എന്നറിയാന്‍ കാത്തിരിക്കാം.
Story Highlights: Year Ender 2023: Top tech trends in 2023