വിജയകാന്തിന്‍റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ വിശാല്‍. അദ്ദേഹത്തിന്‍റെ അവസാന നിമിഷം കൂടെയുണ്ടാകാന്‍ കഴിഞ്ഞില്ല എന്നതാണ് താരത്തിന്‍റെ വിഷമം. വിഡിയോയുടെ മുഴുവന്‍ സമയവും വിശാല്‍ കരയുകയാണ്. ഒരു സിനിമാ നടന്‍ എന്നതിനപ്പുറം വിജയകാന്ത് ഒരു വലിയ മനുഷ്യനായിരുന്നുവെന്നും നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു എന്നും വിശാല്‍ പറയുന്നു.
വിശാലിന്‍റെ വാക്കുകളിങ്ങനെ:
ക്യാപ്റ്റന്‍ വിജയകാന്ത് മരണപ്പെട്ടു എന്ന വിവരം അറിഞ്ഞു. ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. അവസാന നിമിഷം താങ്കളെ ഒന്നു കണ്ട്,കാലില്‍ തൊട്ടു തൊഴണമായിരുന്നു. പക്ഷേ വിദേശത്തായതുകൊണ്ട് എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും.
താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു.’
വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് വിഡിയോക്കു കമന്‍റുമായെത്തുന്നത്. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.
Actor vishal's video goes viral