dawood-ibrahim-thumb
  • ദാവൂദ് ആരോഗ്യവാനെന്ന് ഛോട്ടാ ഷക്കീല്‍
  • ദാവൂദിന് പാക്കിസ്ഥാനില്‍ത്തന്നെയെന്ന് സൂചന

വീണ്ടും തലക്കെട്ടുകളില്‍ നിറയുകയാണ് ദാവൂദ് ഇബ്രാഹിം. വിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിലോ ? അതോ ഛോട്ടാ ഷക്കീല്‍ പറയുന്നത് പോലെ പൂര്‍ണ ആരോഗ്യവാനോ? പൊലീസുകാരന്റെ മകന്‍ അധോലോക രാജാവായതെങ്ങനെ? ലോകം വെറുക്കുന്ന ഭീകരനായതെങ്ങനെ?

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 1955 ലാണ് ദാവൂദ് ഇബ്രാഹിം കസ്കര്‍ ജനിച്ചത്. എട്ട് സഹോദരന്‍മാരും നാല് സഹോദരിമാരുമടങ്ങുന്ന വലിയ കുടുംബം. പിതാവ് ഇബ്രാഹിം കസ്‌കര്‍ മുംബൈ പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. സ്‌കൂളിലെ ഫീസ് താങ്ങാനാവാതെ വന്നതോടെ പഠനം ഉപേക്ഷിച്ചു. എങ്ങനെയും പണം സമ്പാദിക്കണമെന്നായി പിന്നീട് ചിന്ത. അതിനായി അല്‍പസ്വല്‍പം അടിപിടിയും അക്രമവും തുടങ്ങി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഒരു സംഘമുണ്ടാക്കി. 'ഡോങ്ക്രി ബോയ്‌സ്'. അതായിരുന്നു ദാവൂദിന്റെ ആദ്യ ഗ്യാങ്. സംഘം കള്ളക്കടത്തിലേക്ക് തിരഞ്ഞു. 19-ാം വയസില്‍ ദാവൂദിന്റെ ഗ്യാങിലെ രണ്ടു പേര്‍ ഹാജി മസ്താന്‍ സംഘവുമായി മുട്ടി. പകരം ചോദിക്കാനെത്തിയ ദാവൂദ് ഹാജി മസ്താനുമായി കൈകൊടുത്ത് പിരിഞ്ഞു. പത്താന്‍റെ സംഘങ്ങളില്‍ നിന്ന് ഹാജി മസ്താന്റെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയായിരുന്നു ചുമതല. പിന്നീട് സഹോദരന്‍ ഷാബിര്‍ ഇബ്രാഹിമിനെ കൂട്ടുപിടിച്ച് 1970 ല്‍ ഡി–കമ്പനി രൂപീകരിച്ചു.

dawood-profile

Dawood Ibrahim (Archives)



1974 ല്‍ ഹാജി മസ്താനും പത്താനും ദാവൂദിന്റെ സംഘവുമായി തെറ്റി. ഹെലികോപ്റ്ററും നാടന്‍ തോക്കുകളും ഇരുമ്പ് വടികളുമായി ദാവൂദിന്റെ എട്ട് പിള്ളേര്‍ ഹാജി മസ്താന്റെ 4.75 ലക്ഷം രൂപ കവര്‍ന്നെടുത്ത് കടന്നു. മെട്രൊപൊളിറ്റന്‍ ബാങ്കിന്റേതായിരുന്നു പണമെന്ന് അറിയുന്നത് പിറ്റേന്നാണ്. മുംബൈ അതുവരെകണ്ട ഏറ്റവും വലിയ കൊള്ള. അന്ന് ദാവൂദിന്റെ പിതാവ് ഇബ്രാഹിം മുംബൈ ക്രൈംബ്രാഞ്ചിലാണ്. ഡി-കമ്പനിയെ പൂട്ടാന്‍ ഇബ്രാഹിമിന് ഡ്യൂട്ടി കിട്ടി. ഡി-കമ്പനിയുടെ വേരന്വേഷിച്ച് പോയ ഇബ്രാഹിം ചെന്നെത്തിയത് സ്വന്തം വീടിന്റെ പടിക്കല്‍. നടുങ്ങിപ്പോയ ഇബ്രാഹിം മകനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പൊതിരെ തല്ലി. അടിച്ചു തൂക്കി അകത്തിട്ടാല്‍ തീരില്ലെന്ന് തോന്നിയ പൊലീസ് ബുദ്ധിയില്‍ മറ്റൊരു ആശയം വിടര്‍ന്നു. പത്താന്‍ ഗ്യാങിനെ ഒതുക്കാന്‍ ഡി-കമ്പനിക്ക് പൊലീസ് മൗനാനുവാദം നല്‍കി. ദാവൂദ് അത് വൃത്തിയായി ചെയ്തു. ഒപ്പം കള്ളക്കടത്ത് ശൃംഖലയും വളര്‍ത്തിയെടുത്തു.

dawood-Ibrahim-chhota-rajan

Dawood Ibrahim with Chhota Rajan and other accomplices



ബിസിനസ്മാന്‍ എന്നാണ് ദാവൂദ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ക്വട്ടേഷന്‍, ലഹരിക്കടത്ത്, സ്വര്‍ണക്കടത്ത്, ആയുധക്കടത്ത്, വാതുവയ്പ്, ചൂതാട്ടം, സിനിമ തുടങ്ങി ബേക്കറിയും റിയല്‍ എസ്റ്റേറ്റും വരെ നീണ്ടു ആ ‘ബിസിനസ്’ ശൃംഖല. 25,000ത്തിലേറെ ജീവനക്കാര്‍ ഡി-കമ്പനിയുടെ വിവിധ സ്ഥാപനങ്ങളിലുണ്ടായിരുന്നുവെന്ന് ദാവൂദിന്റെ അനുയായികളിലൊരാളായിരുന്ന ശ്യാംകിഷോര്‍ പിന്നീട് വെളിപ്പെടുത്തി. മുംബൈയിലെ കടകളില്‍ എല്ലാ ആഴ്ചയും പണം പിരിക്കാന്‍ ദാവൂദിന്റെ ആളെത്തും. കൊടുത്താല്‍ കച്ചവടം തുടരാം. അല്ലെങ്കില്‍ അടുത്തയാഴ്ച ആളുണ്ടാവില്ലെന്ന സ്ഥിതിയായി. 1980 മുതല്‍ ദാവൂദ് വാതുവയ്പില്‍ സജീവമായി. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ ദാവൂദ് കയറിയിറങ്ങിയെന്ന് കപില്‍ദേവ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ക്ക് ടൊയോട്ട കാര്‍ വാഗ്ദാനം ചെയ്തായിരുന്നു വരവ്. 1986 ആയപ്പോള്‍ ദുബായ് ദാവൂദിന്റെ തട്ടകമായി. ദാവൂദിനൊപ്പം ഛോട്ടാ ഷക്കീല്‍, അബു സലിം, യാക്കൂബ് മേമന്‍ തുടങ്ങിയ ഡി–കമ്പനി അംഗങ്ങളുടെ പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞു. ഛോട്ടാരാജന്‍ ഗ്യാങുമായി ഇവര്‍ പലതവണ കോര്‍ത്തു.

dawood-film-stars

Dawood Ibrahim with Bollywood stars

 

bse-blast-1993

Bombay blasts - 1993

 

bombay-blast-1993

Bombay blasts - 1993

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുപിന്നാലെ ദാവൂദിന്റെ മറ്റൊരു മുഖം കണ്ടു. 1992 ലെ മുംബൈ കലാപത്തിനിടെ ദാവൂദ് അയുധങ്ങളും സ്ഫോടകവസ്തുക്കളും നഗരത്തിലേക്കെത്തിച്ചു. ദുബായിലിരുന്നായിരുന്നു ഓപ്പറേഷന്‍. കപ്പലുകളിലും വിമാനങ്ങളിലും ദാവൂദിന്റെ കാര്‍ഗോകള്‍ തടസമില്ലാതെ വന്നുകൊണ്ടിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ച വിശ്വസ്തന്‍ ശ്രീകാന്ത് ദേശായിയെ മുംബൈ പൊലീസ് വെടിവച്ചുകൊന്നു. അടങ്ങിയിരുന്നില്ല ദാവൂദ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില് ‍വ്യാപാരം പൊടിപൊടിക്കവെ പാര്‍ക്കിങ് ഏരിയയില്‍ സ്ഫോടനമുണ്ടായി. കാറിനുള്ളില്‍ സ്ഥാപിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്. പിന്നാലെ മഹാനഗരങ്ങളിലെ 11 ഇടങ്ങളില്‍ക്കൂടി കാറുകളില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിച്ചിതറി. 257 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എഴുന്നൂറിലേറെപ്പേര്‍ പരുക്കേറ്റുവീണു. ആശുപത്രികള്‍ നിറഞ്ഞുകവി​ഞ്ഞു.

dawood-ibrahim-jabir-motiwala

Dawood Ibrahim with Jabir Motiwala


 
സ്ഫോടനപരമ്പരയുടെ ആഘാതത്തില്‍ രാജ്യം വിറങ്ങലിച്ചു. മുംബൈയില്‍ ഇത്തരമൊരു ആക്രമണത്തിന്റെ വിദൂര സാധ്യത പോലും ആരും കണക്കാക്കിയിരുന്നില്ല. സൂത്രധാരന്‍ ദാവൂദെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് തലയ്ക്ക് വിലയിട്ടു. ബോളിവുഡും ക്രിക്കറ്റും കൈവെള്ളയില്‍ കൊണ്ടുനടന്ന ദാവൂദിന് ഭീകരനെന്ന പേര് ബാധ്യതയായി. പിന്നീട് ഇന്ത്യയിലേക്കോ യുഎഇലേക്കോ ദാവൂദ് മടങ്ങിയെത്തിയില്ലെന്നാണ് കരുതുന്നത്. സാമ്രാജ്യം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് മാറ്റിയെന്നാണ് വിവരം. അല്‍ ഖ്വയ്ദ,  ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുമായി ദാവൂദിന് അടുത്തബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസിലും ദാവൂദിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു. 2003 ല്‍ യുഎസ് ദാവൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎസ് കമ്പനികള്‍ ദാവൂദുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വിലക്കി. 2008ലെ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലും ദാവൂദിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.

dawood-daughter-wedding

Wedding venue of Dawood Ibrahim's daughter



ഐഎസ്ഐ ആണ് ദാവൂദിന്റെ സംരക്ഷകര്‍ എന്നത് പരസ്യമായ രഹസ്യമാണ്. പാക്കിസ്ഥാനില്‍ ദാവൂദിനും കുടുംബത്തിനും ഇക്കാലമത്രയും ലഭിച്ചുപോന്ന സംരക്ഷണവും സ്വാതന്ത്ര്യവും തന്നെ അതിന് തെളിവ്. 2005ല്‍ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ മകനും ദാവൂദ് ഇബ്രാഹിമിന്റെ മകളുമായുള്ള വിവാഹം നടന്നു. ദാവൂദിന്റെ തിരിച്ചുവരവിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ വിവാഹമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ദാവൂദിന് പഴയ പ്രതാപത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. 2010ല്‍ ലോകത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ദാവൂദിന്റെ പേര് ഇടംപിടിച്ചു. ഇന്ത്യ എത്രയേറെ സമ്മര്‍ദം ചെലുത്തിയിട്ടും ദാവൂദിനെക്കുറിച്ച് ഒരുവിവരവും നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറാകാത്തത് ഐഎസ്ഐ അയാള്‍ക്ക് എത്രമാത്രം വിലകല്‍പ്പിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്.



ദാവൂദ് പാക്കിസ്ഥാനിലില്ലെന്ന് അവിടത്തെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സംസാരിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ ഏജന്‍സികളും രാജ്യാന്തര ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അയാളെ തൊടാന്‍ പോലും പാക്കിസ്ഥാന്‍ അനുവദിച്ചിട്ടില്ല. അധോലോക കുറ്റവാളികളില്‍ ഏറ്റവും ധനാഢ്യനായി ദാവൂദ് ഇപ്പോഴും വിലസുന്നു. ഏകദേശം 670 കോടി ഡോളറിന് തുല്യമായ ആസ്തികളും സമ്പാദ്യവും ദാവൂദിനുണ്ടെന്നാണ് കണക്ക്. ഒടുവിലാണ് മദ്യത്തില്‍ ആഴ്സനിക് കലര്‍ത്തി ദാവൂദിനെ വകവരുത്താന്‍ നോക്കിയെന്ന വാര്‍ത്തകള്‍ വീണ്ടും അയാളെ മാധ്യമശ്രദ്ധയിലും ലോകശ്രദ്ധയിലും എത്തിച്ചു. പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഛോട്ടാ ഷക്കീല്‍ അത് നിഷേധിച്ചെങ്കിലും വസ്തുതകള്‍ പുകമറയില്‍ തന്നെയാണ്.



Where is Dawood Ibrahim Kaskar? Is India's most wanted criminal alive or dead? Has he been poisoned? Is he recovering at a Karachi hospital? Chhota Shakeel claims boss is 100 percent fit