
ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു മഹാമാരി, കോവിഡ്. അത് കവര്‍ന്നെടുത്തതാകട്ടെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും. ഭയത്തോടെയും ചങ്കിടിപ്പോടെയും തളളിനീക്കിയ രണ്ടര വര്‍ഷം. മാസ്കും സാനിറ്റൈസറും നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ നാളുകള്‍. ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കോവിഡ് തല പൊക്കുന്നതിന്റെ സൂചനകള്‍ വരുന്നു. ജെഎന്‍.1 എന്ന പുതിയ കൊറോണ വൈറസ് വകഭേദമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. വ്യാപനശേഷി ഏറെ കൂടുതല്‍. ദിനം പ്രതി നൂറിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ജെഎന്‍.1 ന്‍റെ സാന്നിധ്യം ആശങ്കയുയര്‍ത്തുകയാണ്.
ഭയക്കണോ ഈ വകഭേദത്തെ?
യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദമാണ് ‘ജെഎൻ.1’. ജെഎൻ.1ന് വ്യാപനശേഷി കൂടുതലും രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനുളള പ്രാപ്തി അധികവുമാണെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ക്കും വാക്സീന്‍ എടുത്തവര്‍ക്കും ഇത് ബാധിക്കാം. കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോഗങ്ങളും പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയും കരുതൽ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജെഎൻ.1 ന്‍റെ തീവ്രത എത്രത്തോളമുണ്ടെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. ഒമിക്രോണിന് സമാനമാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ കോവിഡ് ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണെന്നാണ് നിലവിലെ കണക്കുകള്‍. ഇതില്‍ ജെഎന്‍.1 ഒരാള്‍ക്ക് മാത്രമെ സ്ഥിരീകരിച്ചിട്ടുളളു എന്നതും ആ വ്യക്തി രോഗമുകതി നേടുന്നു എന്നുമുളള ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. അപ്പോഴും കേരളത്തിന് പുറത്തും കോവിഡ് കേസുകള്‍ കൂടുന്നതും ജെഎൻ.1 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുളള ആളുകളുടെ വരവും ആശങ്ക ഉയര്‍ത്തുന്നതാണ്.
ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ലോകാരോഗ്യസംഘടനയുടെ കോവിഡ് വിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് ചില നിര്‍ദേശങ്ങള്‍ പങ്കുവച്ചിരുന്നു. ശ്വാസകോശരോഗങ്ങളാണ് പ്രധാനമായി ഭൂരിഭാഗം ആളുകളെയും ഇപ്പോള്‍ അലട്ടുന്ന പ്രധാനപ്രശ്നം. ഒന്നിലധികം രോഗകാരികളാണ് ലോകത്താകെയുള്ള നിലവിലെ ശ്വാസകോശരോഗങ്ങളുടെ വർധനവിനു പിന്നിൽ. കോവിഡ് മാത്രമല്ല പടരുന്നത്. ഇൻഫ്ലുവൻസ, മറ്റു വൈറസുകൾ, ബാക്ടീരിയ തുടങ്ങിയവയെല്ലാം ശ്വാസകോശരോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. രോഗവ്യാപനമുളള ഇടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനം കൂട്ടും. കോവിഡ് കേസുകളിലെ വർധനവിന് പിന്നിലെ കാരണം വൈറസ് വികസിച്ചുകൊണ്ടിരിക്കുന്നു എന്നതാണെന്ന് മരിയ വാൻ കെർഖോവ് പറയുന്നു. വാക്സിനേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അണുബാധയുണ്ടെന്ന് സംശയം തോന്നിയാൽ വിദഗ്ധസഹായം തേടാൻ വൈകിക്കരുതെന്നും മരിയ വ്യക്തമാക്കി.
പ്രധാന ലക്ഷണങ്ങള്‍?
പനി, തൊണ്ടയില്‍ കരകരപ്പ്, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ജെഎൻ.1 വകഭേദത്തിന്‍റെ പ്രധാനലക്ഷണങ്ങള്‍. ചിലര്‍ക്ക് ശ്വാസതടസ്സവും, ഉദരപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പനിയും ക്ഷീണവും പോലെയുളള ലക്ഷണങ്ങളാണ് പ്രകടമായി കാണാനാകുക. ചിലരില്‍ രോഗലക്ഷണങ്ങളുടെ തീവ്രത കൂടിയും കുറഞ്ഞും കാണപ്പെട്ടേക്കാമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ജെഎൻ.1 ന്‍റെ വ്യാപനശേഷിയെക്കുറിച്ചും വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ചുമെല്ലാം പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ജെഎൻ.1 തീവ്രതെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് പ്രധാനമെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
എങ്ങനെ പ്രതിരോധിക്കാം?
ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് പോകുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
*ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക
*കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ സോപ്പുപയോഗിച്ചു കഴുകുകയോ ചെയ്യുക.
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
* പൊതുയിടത്ത് തുപ്പാതിരിക്കുക
*രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തേടുക
*സ്വയം ചികില്‍സ ഒഴിവാക്കി ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ മാത്രം കഴിക്കുക
*പ്രായമായവർ, കുട്ടികൾ, മറ്റുരോഗങ്ങൾക്ക് ചികിത്സയിലുള്ളവർ, ഗര്‍ഭിണികള്‍ കൂടുതൽ ശ്രദ്ധിക്കുക.
*രോഗവ്യാപനമുളള ഇടങ്ങളിലേക്കുളള യാത്രകള്‍ കഴിവതും ഒഴിവാക്കുക
*സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാന്‍ സഹായിക്കും
ജെഎൻ.1 ആശങ്കപ്പെടേണ്ട തരത്തിലുളള ഒരു മഹാമാരി അല്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കുക തന്നെ മുന്നിലെ വഴി. വൈറസ് എല്ലാം കൊണ്ടും പുതുതായതുകൊണ്ടുതന്നെ ജാഗ്രത ഉണ്ടായേ പറ്റൂ.
New coronavirus variant JN.1 detected