സ്വന്തം ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തി സാമൂഹ്യപ്രവർത്തകയായും വ്ലോഗറുമായ ദീപ്തി സീതത്തോട്. ഭര്‍ത്താവുമായി വേര്‍പിരിയുന്നെന്ന് അടുത്തിടെ യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും മര്‍ദ്ദനവുമാണ് തീരുമാനത്തിനു പിന്നിലെന്നും ദീപ്തി തുറന്നു പറയുന്നു. സമൂഹ മാധ്യമങ്ങളിലെ അറിയപ്പെടുന്ന മുഖമാണ് ദീപ്തി.
'രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ല. എന്നാൽ എന്നെ കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ് ഓരോദിവസവും. ആഴ്ചയിൽ ഒന്നു രണ്ട് തവണ വിളിക്കും. എപ്പോഴും മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്നും എന്നെ ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞു. എന്നെ വെട്ടുന്നതോ കുത്തുന്നതോ ഒന്നും വിഷയമല്ല. വീട്ടുകാരെ ഓർത്തിട്ടാണ് ഭയം. പതിനെട്ടാം തീയതി അയാളുടെ വണ്ടി ഇങ്ങോട്ടേയ്ക്ക് വരുന്നതായി കണ്ടുവെന്ന് ഒരാൾ പറഞ്ഞിരുന്നു.
അതുകൊണ്ട് 19ന് തന്നെ ഞാൻ ഒരു ഹോം സ്റ്റേയിലേക്ക് താമസം മാറ്റി. ജനിച്ച ദിവസം നാട്ടിൽ ഉണ്ടായിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതെ കഴിയേണ്ടി വന്നു. അവരൊക്കെ വിഷമിച്ചിട്ടുണ്ടാകും. അന്ന് അയാൾ വീട്ടിൽ വന്നിട്ടുണ്ടാകാം. ഞാൻ ഇല്ലെന്ന് മനസിലാക്കി തിരികെ പോയതാകാം. എപ്പോഴും വിളിച്ച് ഭീഷണിയാണ്. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്ന് ആളുകൾ ചോദിച്ചേക്കാം. പക്ഷെ എനിക്ക് പറയണം. കാരണം ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനാമായിരുന്നു വിവാഹമോചനം. എന്റെ തീരുമാനത്തിന് പിന്നാലെ ഒരുപാട് പേർ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അതായത് മക്കളും കൊച്ചുമക്കളും ആയശേഷം ഡിവോഴ്സ് എന്ന തീരുമാനം എടുത്തവരുണ്ട്.
പല തവണ അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടുണ്ട്. പലരും ക്ഷമിക്ക്, നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ പണ്ടൊരിക്കൽ അയാൾ രാത്രി കാലിൽ ഷൂസിട്ട് എന്റെ നെഞ്ചത്ത് ചവിട്ടി അരച്ചു. പിന്നെ കുറനാളത്തേക്ക് ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഇപ്പോഴും അതിന്റെ പ്രശ്നമുണ്ട്. ഒരിക്കൽ കത്രിക വച്ച് എന്റെ കഴുത്തിൽ മുറുക്കി, അപ്പോൾ അമ്മ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതെല്ലാം ഞാൻ ആരുടെ അടുത്ത് പറയാതിരുന്നത് സാമ്പത്തിക ബാധ്യത ഉള്ളപ്പോൾ പറയണ്ട എന്നു കരുതി. ഞങ്ങളെ യോജിപ്പിക്കണം എന്ന് പറയുന്നവരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. എനിക്ക് പറ്റില്ല. ഞാനാണ് അനുഭവിച്ചതെല്ലാം.
ഇതുവരെയും പുള്ളിയെ പറ്റിയുള്ള ചിത്രങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നും ഞാൻ ഇവിടെ ഷെയർ ചെയ്തിട്ടില്ല. ഇനിയും എന്നെ ഉപദ്രവിച്ചാൽ ഞാൻ അതെല്ലാം പരസ്യപ്പെടുത്തും. കൂടാതെ എനിക്ക് നേരയുണ്ടായ ഉപദ്രവങ്ങളും വെളിപ്പെടുത്തും. പുള്ളി പറയുന്നത് ഞാൻ പുള്ളിയുടെ കൂടെ ചെല്ലണം, എന്നാൽ മദ്യപാനവും മറ്റുള്ള കാര്യങ്ങളുമെല്ലാം നിർത്താം എന്നാണ്. അതിന് ഞാനില്ല. മരണം കാത്തിരിക്കുന്ന ഞാൻ എന്തിന് അങ്ങോട്ട് ചെന്നിട്ട് മരിക്കണം’–ദീപ്തി വിഡിയോയിൽ പറഞ്ഞു.