ഓയൂരില്‍ നിന്നും ഇന്നലെ കാണാതായ ആറുവയസുകാരിയെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കും കേരള പൊലീസിനും ജനങ്ങള്‍ക്കും സല്യൂട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കുറിപ്പിങ്ങനെ..'മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്..'
എന്നാല്‍ മന്ത്രിയുടെ കുറിപ്പിന് ചുവടെ കടുത്ത വിമര്‍ശനങ്ങള്‍ കമന്‍റുകളായി നിറയുകയാണ്. പൊതുജനങ്ങളും പൊലീസും ചേര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രി പ്രവര്‍ത്തിച്ചെങ്കില്‍ പ്രതികളെവിടെയെന്നും കമന്‍റുകള്‍ നിറയുന്നു. പ്രതികള്‍ ഗത്യന്തരമില്ലാതെ കുട്ടിയെ ഉപേക്ഷിച്ചതാണെന്നും യഥാര്‍ഥ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും രോഷം നിറയുന്നുണ്ട്. പ്രതികളെയും ഇനി നാട്ടുകാര്‍ കണ്ടെത്തി നല്‍കേണ്ടി വരുമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോകപ്പെട്ട ആറുവയസുകാരിയെ 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്നാണ് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം ആശ്രാമം മൈതാനത്തില്‍ വിശ്രമിക്കാനെത്തിയ വിദ്യാര്‍ഥിനികളാണ് അബീഗേലിനെ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ഉപേക്ഷിച്ച് മടങ്ങുന്നത് കണ്ടത്. കുട്ടി തനിച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ വിദ്യാര്‍ഥിനികള്‍ ഫോണിലെ ചിത്രം പരിശോധിച്ച് അബീഗേല്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ പൊലീസെത്തി കുഞ്ഞിനെ എആര്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു.
Minister PA Mohammes Riya's FB post on Abigel