20 മണിക്കൂറുകള്‍ക്കു ശേഷം അവള്‍ തിരിച്ചെത്തി. ഇന്നലെ നാലരയോടെ തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനായി കേരളമൊന്നാകെ നിന്നു, ഒരേ പ്രാര്‍ത്ഥനയോടെ, ഒരേ പ്രതീക്ഷയോടെ ഒരേ മനസോടെ. കേരളം ഉറങ്ങാതെ തീര്‍ത്ത രാവിനൊടുവില്‍ പുലര്‍ന്ന പകല്‍ ഉച്ചയായതോടെ പുകഞ്ഞുനിന്ന മനസ്സുകളെ തണുപ്പിച്ച് ആ വാര്‍ത്ത: അബിഗേലിനെ തിരിച്ചുകിട്ടി.
കൊല്ലം ആശ്രാമം മൈതാനത്താണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അബിഗേല്‍ എന്ന വാക്കിനര്‍ത്ഥം പിതാവിന്റെ സന്തോഷം എന്നാണ്. ഇപ്പോള്‍ അത് നാടിന്റെ ഒന്നാകെ സന്തോഷമായി മാറുകയാണ്.
ഇന്നേവരെ കാണാത്ത മൂന്നുനാലുപേര്‍ക്കൊപ്പം ഒരു കാറിലെ യാത്ര, അച്ഛനോ അമ്മയോ ഇല്ലാത്ത മണിക്കൂറുകള്‍, കുഞ്ഞുചേട്ടനെ കാണാത്ത നിമിഷങ്ങള്‍. അതെല്ലാം അവളെ അങ്ങേയറ്റം പേടിപ്പിച്ചിട്ടുണ്ടെന്ന് ആ മുഖത്ത് വ്യക്തം. ആ ഭീതിദമായ മണിക്കൂറുകള്‍ അവള്‍ എന്തു ചെയ്തു, ഭക്ഷണം കഴിച്ചോ? അമ്മയെ കാണാതെ കരഞ്ഞു നിലവിളിച്ചോ..? അവളുടെ കരച്ചില്‍ മാറ്റാന്‍ കണ്ണില്‍ച്ചോരയില്ലാത്ത ആ കൂട്ടം എന്തുചെയ്തുകാണും..? അവളുടെ ചിന്തയെന്തായിരുന്നു..? അങ്ങനെ മനസ്സിനെ കുത്തിനോവിക്കുന്ന ചോദ്യങ്ങള്‍ എമ്പാടും തിങ്ങുന്ന മണിക്കൂറുകളാണ് കടന്നുപോയത്. ഒടുവില്‍ എല്ലാവരെയും സന്തോഷ കണ്ണീരണിയിച്ച് അവള്‍, കുഞ്ഞുസാറ തിരിച്ചെത്തിയിരിക്കുന്നു. ഇനി ആശ്വസിക്കാം, ആശ്വാസത്തോടെ ശ്വസിക്കാം.
Abigail Sara Reji found in Kollam