moon-halo-24-11

ചന്ദ്രന് ചുറ്റും പ്രഭാവലയം കണ്ടിട്ടുണ്ടോ? എങ്കില്‍ ഇന്നു രാത്രി പുറത്തിറങ്ങി മാനത്തേക്ക് നോക്കാം. മൂണ്‍ ഹാലോ അല്ലെങ്കില്‍ ലൂണാര്‍ ഹാലോ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. സൂര്യനില്‍ നിന്നുള്ള പ്രകാശ കിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് മഴവില്ലുണ്ടാകുന്നതെങ്കില്‍ അതിന് സമാനമായി രാത്രിയില്‍ നടക്കുന്ന പ്രതിഭാസമാണിത്. വില്ല് പോലെ വളഞ്ഞിരിക്കില്ലെങ്കിലും ചന്ദ്രന് ചുറ്റും പ്രഭാവലയമായാണ് ഇത് പ്രത്യക്ഷപ്പെടുക.

moon-halo-01

 

moon-halo-02

മൂണ്‍ ഹാലോ എന്നത് പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണെങ്കില്‍ രാത്രിയില്‍ പ്രകാശം ജലകണങ്ങളില്‍ തട്ടി ഇത്തരത്തില്‍ പ്രഭാവവലയം ഉണ്ടാകുന്നതിനെ മൂണ്‍ ബോ എന്നാണ് അറിയപ്പെടുന്നത്. സൂര്യപ്രകാശത്തില്‍ മഴവില്ല് രൂപപ്പെടുന്നതിന് സമാനമായ പ്രതിഭാസമാണിത്. മൂണ്‍ ഹാലോയുമായി താരതമ്യം ചെയ്താല്‍ അപൂര്‍വമായാണ് മൂണ്‍ ബോകള്‍ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രന്‍റെ പ്രകാശം സൂര്യനെ അപേക്ഷിച്ച് 40,000 മടങ്ങ് കുറവായതുകൊണ്ടും വളരെ തെളിഞ്ഞ ആകാശത്ത് മാത്രമേ ഇവയേ കാണാന്‍ സാധിക്കൂ എന്നതുകൊണ്ടുമാണിത്.

 

മൂണ്‍ ഹാലോയില്‍ രണ്ട് വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയെം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും, രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മഞ്ഞുതുള്ളികളാണ് ഇവയുടെ രൂപപ്പെടലിന് കാരണം. അതിനാല്‍ തന്നെ മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്. മറ്റ് പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂണ്‍ ഹാലോകള്‍ രൂപപ്പെടാറുണ്ട്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ മൂണ്‍ ഹാലോയ്ക്കും നിറമുണ്ടാകാം. എന്നാല്‍ ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നു മാത്രം.

 

മൂണ്‍ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സണ്‍ഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സണ്‍ഡോഗുകള്‍ പക്ഷേ ആര്‍ട്ടിക് പോലുള്ള ധ്രുവപ്രദേശങ്ങളിലും, അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം കാണപ്പെടാറുള്ളത്. 

What is Moon Halo or Lunar Holo? Explained