2023 ലെ ലോകകപ്പിന്‍റെ താരമെന്ന നേട്ടത്തിന് പുറമെ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് കോലി മടങ്ങിയത്. 11 മത്സരങ്ങളില്‍ നിന്നായി 765 റണ്‍സും ഒരുവിക്കറ്റുമായിരുന്നു ടൂര്‍ണമെന്‍റിലെ താരത്തിന്‍റെ സമ്പാദ്യം. ആറ് അര്‍ധ സെഞ്ചറികളും 3 സെഞ്ചറികളുമടങ്ങിയ ഉജ്ജ്വലമായ ഇന്നിങ്സ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കിങായ വിരാട് കോലിയുടേത് ഭാഗ്യജാതമെന്ന പേരില്‍ 2018 ല്‍ ഒരു ജ്യോല്‍സ്യന്‍ നടത്തിയ പ്രവചനമാണ് ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

 

അടുത്ത ലോകകപ്പിനായുള്ള ഇന്ത്യന്‍ പ്രതീക്ഷയാണ് കോലിയെങ്കിലും 2025 ഓഗസ്റ്റ് മുതല്‍ 2027 ഫെബ്രുവരി വരെയുള്ള സമയത്ത് കോലിയുടെ ഫോം കുറയുമെന്നാണ് ജ്യോതിഷം പറയുന്നത്.‘സ്റ്റാര്‍സ് ആന്‍ഡ് ആസ്ട്രോളജി’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 2027ൽ കോലിയുടെ ക്രിക്കറ്റ് കരിയറില്‍ വന്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. കൂടാതെ 2028 മാർച്ചിന് മുമ്പ് വിരാടും വിരമിക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ജ്യോതിഷിയുടെ  പോസ്റ്റ് കോലിയുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തുന്നു. 

 

2017ന്‍റെ അവസാനം അനുഷ്ക ശര്‍മയുമായുള്ള വിവാഹത്തെ കുറിച്ചും ജാതകത്തില്‍ സൂചനകളുണ്ട്. 2017 ഡിസംബറിനും ജനുവരിക്കും ഇടയില്‍ വിവാഹം നടക്കുമെന്നും വിവാഹത്തോടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. 2018 ഫെബ്രുവരിക്കും 2020 സെപ്റ്റംബറിനും ഇടയില്‍ കുഞ്ഞ് ജനിക്കുമെന്നും പറയുന്നുണ്ട്. ജനിക്കുന്ന കുഞ്ഞ് കോലിക്ക് വലിയ സൗഭാഗ്യങ്ങള്‍ എത്തിക്കുമെന്നും ജാതകത്തില്‍ എഴുതിയിരിക്കുന്നു. 2021നും 2024നും ഇടയില്‍ കോലിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. വിരാട് കോലിയുടെ ജാതകത്തിന്റെ വിശകലനം” എന്ന തലക്കെട്ടുള്ള പോസ്റ്റ് 2016 ഏപ്രിലിലാണ് പങ്കുവെച്ചിരിക്കുന്നത്.

 

ഓസീസെനെതിരെ പോരാടി പരാജയപ്പെട്ടെങ്കിലും ലോക ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷങ്ങള്‍ ഒട്ടേറെ നിമിഷങ്ങള്‍ കോലി സമ്മാനിച്ചു.  ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ എതിരായ സെമിഫൈനലില്‍ കോലി 50–ാം ഏകദിന സെഞ്ചുറിയും പൂര്‍ത്തിയാക്കി. 49 സെഞ്ചുറികളുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്നിലാക്കിയായിരുന്നു കിങ് കോലിയുടെ ഈ നേട്ടം. ഇതോടെ ഏകദിന ലോകകപ്പില്‍ 50–ാം സെഞ്ചുറി നേടുന്ന ആദ്യ തരമെന്ന റെക്കോര്‍ഡും കോലി കയ്യടക്കി.

 

Astrologer's Facebook Post on Virat Kohli