harisreeasokan-1-

നടി തൃഷക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. താരത്തിനെതിരെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മൻസൂർ അലിഖാനെതിരെ നടന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത്. 

'സത്യം ശിവം സുന്ദരം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മൻസൂർ അലിഖാനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹരിശ്രീ ആശോകന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ മൻസൂർ അലിഖാനുമായുള്ള ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ഹരിശ്രീ അശോകൻ പറഞ്ഞത്. ഒരു തവണ അടിക്കൊണ്ടപ്പോള്‍ പറഞ്ഞു മനസിലാക്കിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെട്ടതായും ഹരിശ്രീ ആശോകന്‍ കൂട്ടിച്ചേര്‍ത്തു.

ഹരിശ്രീ ആശോകന്‍റെ വാക്കുകള്‍

സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. കാരണം അതില്‍ അദ്ദേഹമാണ് വില്ലനായെത്തുന്നത്.  ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് തന്നെ വയ്ക്കണം. അപ്പോൾ നമുക്ക് അടിവരുന്നത് എങ്ങനെയാണ് എന്ന് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഒരു തവണ ഞാന്‍ ചവിട്ടെരുതെന്ന് പറഞ്ഞു. ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ലെന്ന് പറഞ്ഞു.‍ഞാന്‍ പറഞ്ഞത് പുള്ളി മൈൻഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു.  ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്നും ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ.  ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ ഹരിശ്രീ അശോകൻ പറഞ്ഞു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും എന്നാല്‍ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല  മൻസൂർ എന്നായിരുന്നു മൻസൂർ അലിഖാന്‍റെ പരാമർശം. പിന്നാലെ മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. 

Harisree Ashokan talks about Mansoor Ali Khan goes viral