chinawb

തന്നെ പ്രകോപിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പണികൊടുത്ത് ചൈനീസ് മില്യണയര്‍. ആറര കോടി നിക്ഷേപം  പിന്‍വലിച്ചതിനു പിന്നാലെ പണം കൈകൊണ്ടു തന്നെ എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു‍.   ബാങ്കിനു പണികൊടുത്ത വിഡിയോ ചൈനീസ് മാധ്യമങ്ങളുള്‍പ്പടെ ലൈവായി സംപ്രേഷണം ചെയ്തു. 2021ലെ കോവിഡ് സമയത്ത് ഷാന്‍ഹായ് ബ്രാഞ്ചിലാണ് സംഭവം. യുവാവ് അന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പറഞ്ഞ് ബാങ്കുദ്യോഗസ്ഥര്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കു പണികൊടുക്കാനായി ആറര കോടി പിന്‍വലിച്ചതും എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടതും. 

ബാങ്കിലെത്തിയ ചൈനീസ് മില്യണയര്‍ സുരക്ഷാ ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. സുരക്ഷാ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ മില്യണയര്‍ ഒറ്റയടിക്ക് ആറര കോടി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ തുക മുഴുവന്‍ കൈകൊണ്ട് എണ്ണിത്തരണമെന്നാവശ്യപ്പെട്ടു. ബാങ്കിന്റെ നെടുംതൂണായ നിക്ഷേപകരിലൊരാളായതുകൊണ്ടു തന്നെ മില്യണയറുടെ ആവശ്യം ബാങ്ക് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. പിന്നാലെ ഉദ്യോഗസ്ഥര്‍ പണക്കെട്ടുകള്‍ നിരത്തി എണ്ണാന്‍ തുടങ്ങി. സംഭവത്തിന്റെ വിഡിയോ ചൈനീസ് മാധ്യമങ്ങള്‍ ലൈവ് സംപ്രേഷണം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. 

കോവിഡ് പ്രോട്ടോക്കോള്‍ വിഷയമല്ല മോശം ഉപഭോക്തൃസേവനത്തിന്റെ പേരിലാണ് താന്‍ പണം പിന്‍വലിച്ചതെന്ന് കോടീശ്വരന്‍ പറയുന്നു. ഒരു ദിവസം പിന്‍വലിക്കാന്‍ പറ്റുന്നതിന്റെ മാക്സിമം തുക പിന്‍വലിച്ചെന്നും ബാക്കി കോടികള്‍ മറ്റു ബാങ്കുകളിലേക്ക് നിക്ഷേപിക്കാന്‍ പദ്ധതിയിട്ടെന്നും അദ്ദേഹം പറഞ്ഞു.രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് ഉദ്യോഗസ്ഥരെല്ലാവരും കൂടി പണം എണ്ണിത്തീര്‍ത്തതെന്നും സൂചനയുണ്ട്.  ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

Chinese millionaire withdrew six crores and asked bank to count it manuallly

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.