സമൂഹമാധ്യമമായ എക്സില്‍ നിന്നും ഹമാസ് അനുകൂല അക്കൗണ്ടുകള്‍ നീക്കം ചെയ്തു. ഭീകരസംഘടനകള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്.  അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങളെ പലതില്‍ നിന്നും സംരക്ഷിക്കുകയെന്ന ദൗത്യം കൂടി എക്സിനുണ്ടെന്നും പ്ലാറ്റ്ഫോമിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തുമെന്നും സിഇഒ ലിന്‍ഡ യാകരിനോ വ്യക്തമാക്കി. ഭീകര സംഘടനകള്‍ക്കും തീവ്രവാദി ഗ്രൂപ്പുകള്‍ക്കും എക്സില്‍ സ്ഥാനമില്ലെന്നും അത്തരം സംഘടനകളുടെയും അനുകൂലിക്കുന്നവരുടെയും അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് തുടരുമെന്നും അവര്‍ വ്യക്തമാക്കി. 

 

എക്സ് വഴി തെറ്റായതും വിദ്വേഷജനകവുമായ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നുവെന്നും ഇത് തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍  മസ്കിന് എക്സിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ അതിവേഗത്തില്‍ നീക്കം ചെയ്തതും ഔദ്യോഗിക പ്രതികരണം ഉണ്ടാവുകയും ചെയ്തത്.  ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനും സമൂഹത്തിന്റെ നിലനില്‍പ്പിനം തടസമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ തടയണമെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്. 

 

യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരത്തോളമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂവായിരത്തോളം ഇസ്രയേലികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും 28 പേര്‍ അതീവ ഗുരുതരാവസ്ഥയിലും 350 പേര്‍ ഗുരുതരവാസ്ഥയിലുമാണെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറ്റിയന്‍പതിലേറെ ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ എത്രപേര്‍ ജീവനോടെ ശേഷിച്ചിരിക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

 

No place for terrorist organisations; X removes pro Hamas accounts

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.